
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ചെറിയ നഗരങ്ങളിലേക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുമുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച രണ്ടു പുതിയ വിസകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്‌കില്‍ഡ് വര്‍ക്ക് പ്രൊവിഷണല്‍ വിസ (സബ്ക്ലാസ് 491), സ്‌കില്‍ഡ് വര്‍ക്ക് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് പ്രൊവിഷണല്‍ വിസ (സബ്ക്ലാസ് 494) എന്നിവയാണ് പുതിയതായി തുടങ്ങുന്ന വിസകള്‍. നവംബര്‍ 16നാണ് ഈ റീജിയണല്‍ വിസകള്‍ പ്രാബല്യത്തില്‍ വരിക.
മൂന്നു വര്‍ഷം ഈ പ്രദേശങ്ങളില്‍ ജീവിച്ച് ജോലി ചെയ്താല്‍ ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ അവസരം നല്‍കുന്ന വിസകളാണ് ഇവ. ഇതില്‍ സബ്ക്ലാസ് 491 അഥവാ സ്‌കില്‍ഡ് വര്‍ക്ക് വിസയാണ് പോയിന്റ് സമ്പ്രദായത്തിലൂടെ അപേക്ഷിക്കേണ്ടത്. ഈ വിസക്ക് അപേക്ഷിക്കണമെങ്കില്‍ കുറഞ്ഞത് 65 പോയിന്റ് ഉണ്ടായിരിക്കണം എന്ന് കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കി. വിസ അപേക്ഷകളുടെ പോയിന്റ് തീരുമാനിക്കുന്നതിലും ഇതോടൊപ്പം മാറ്റം വരുന്നുണ്ട്.
മെഡികെയര്‍ ലഭിക്കും: നിലവില്‍ ഓസ്‌ട്രേലിയയില്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലെ കുടിയേറ്റത്തിന് ഏറ്റവും സഹായിക്കുന്ന വിസകളിലൊന്നാണ് സബ്ക്ലാസ് 489 എന്ന സ്‌കില്‍ഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസ. സംസ്ഥാന സര്‍ക്കാരുകളുടെയോ അടുത്ത ബന്ധുക്കളുടെയോ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആയിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും ഇതിലൂടെ വരുന്നത്.
എന്നാല്‍ ഈ വിസയിലുള്ളവര്‍ക്ക് മെഡികെയര്‍ പരിരക്ഷ ലഭ്യമല്ല. മറിച്ച് ഓരോ മാസവും നൂറുകണക്കിന് ഡോളര്‍ മുടക്കി അവര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എടുക്കേണ്ടി വരും. എന്നാല്‍ 489 വിസ പിന്‍വലിച്ച് പകരം കൊണ്ടുവരുന്ന 491 വിസയില്‍ മെഡികെയര്‍ പരിരക്ഷ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സബ്ക്ലാസ് 494 വിസയ്ക്കും മെഡികെയര്‍ ഉണ്ടാകും. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പൊതു ആരോഗ്യപരിരക്ഷാ സംവിധാനമാണ് മെഡികെയര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.