ബ്രിട്ടനില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കാതെ തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി തെരേസ മേയ് ആലോചിക്കുന്നു. ആര്‍ട്ടിക്ള്‍ 50 പ്രകാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചു സ്വയം തീരുമാനമെടുക്കാമെന്നാണ് ലഭിച്ച നിയമോപദേശം.
ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കാതെ തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി തെരേസ മേയ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. ആര്‍ട്ടിക്ള്‍ 50 പ്രകാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചു സ്വയം തീരുമാനമെടുക്കാമെന്നാണ് തെരേസ മേയ്ക്കു ലഭിച്ച നിയമോപദേശം. അതേസമയം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന് തീരുമാനിക്കപ്പെട്ട ജൂണ്‍ 23ലെ ഹിതപരിശോധനക്ക് ഉപദേശസ്വഭാവം മാത്രമാണുമുള്ളതെന്ന് ബ്രെക്സിറ്റിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നുണ്ട്.
എന്നാല്‍, ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് പ്രധാനമന്ത്രിക്കുറപ്പുണ്ടെന്നും ഇനിയത് നടപ്പാക്കാനുള്ള നടപടിക്രമങ്ങളുമായാണ് അവര്‍ മുന്നോട്ടുപോകുകയെന്നുമാണ് റിപ്പോർട്ട്. സ്ഥാനമേറ്റപ്പോള്‍ തന്നെ ജനഹിതം നടപ്പാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലെ ഭൂരിപക്ഷം അംഗങ്ങളും യൂണിയനില്‍ ബ്രിട്ടന്‍ തുടരുന്നതിനെ പിന്തുണച്ചവരാണ്. പ്രഭു സഭയിലും ഇതേ സ്ഥിതിയാണ്. അതിനാല്‍ ബ്രെക്സിറ്റ് തീരുമാനത്തിനു പാര്‍ലമെന്റിൽ വോട്ടിനിട്ടാൽ അംഗീകാരം ലഭിക്കുക പ്രയാസമാണ്.
അതിനിടെ തീരുമാനം നടപ്പാക്കുന്നതിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ ഒരു സംഘം അഭിഭാഷകര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒക്ടോബറില്‍ വാദം കേള്‍ക്കും. 1972ലെ യൂറോപ്യന്‍ കമ്യൂണിറ്റീസ് ആക്‌ട് പിന്‍വലിക്കാതെ തീരുമാനമെടുക്കാനാവില്ലെന്നാണ് അവരുടെ വാദം. എന്നാല്‍ 2019ല്‍ നടപ്പാകത്തക്കവിധം അടുത്തവര്‍ഷം ആദ്യം പ്രധാനമന്ത്രിക്കു തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ നിയമോപദേഷ്ടാക്കളുടെ അഭിപ്രായം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.