Currency

ദുബായ് എക്‌സ്‌പോ ടിക്കറ്റ് വില്‍പന തുടങ്ങി; ആകര്‍ഷക പാക്കേജുകള്‍

സ്വന്തം ലേഖകന്‍Saturday, January 25, 2020 1:22 pm

ദുബായ്: ദുബായ് എക്‌സ്‌പോയുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ 10 വരെ നടക്കുന്ന എക്‌സ്‌പോയില്‍ ആകര്‍ഷക പാക്കേജുകളോടെയാണു ടിക്കറ്റ് വില്‍പന. ഒരുദിവസത്തേക്കും 3 ദിവസത്തേക്കും ഒരു മാസത്തേക്കുമുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. സീസണല്‍ ടിക്കറ്റുമുണ്ട്. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ എന്നിവര്‍ക്കു സൗജന്യം.

നിശ്ചയദാര്‍ഢ്യ വിഭാഗക്കാരുടെ കൂടെയുള്ളയാള്‍ക്കു പകുതി നിരക്കു നല്‍കിയാല്‍ മതിയാകും. ഇന്ത്യയടക്കം 192 രാജ്യങ്ങളാണു എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. പവിലിയനുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. 2.5 കോടി സന്ദര്‍ശകര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഒരു ദിവസത്തേക്ക് 120 ദിര്‍ഹവും 3 ദിവസത്തേക്ക് 260 ദിര്‍ഹവുമാണ് നിരക്ക്. 350 ദിര്‍ഹത്തിന് ഒരു മാസത്തെ പാസും 595 ദിര്‍ഹത്തിനു സീസണല്‍ ടിക്കറ്റും ലഭിക്കും.

വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ ടിക്കറ്റ്- 60 ദിര്‍ഹം, 3 ദിവസം- 130, ഒരു മാസം-175, സീസണല്‍ ടിക്കറ്റ്- 297 എന്നിങ്ങനെയാണ് നിരക്ക്. 6 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കും ഏതു പ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കും 50% ഇളവുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x