Currency

ജനവരി മുതല്‍ ബി.എം.ടി.സി. ബസില്‍ യാത്ര ചെയ്യാൻ കാശ് വേണ്ട, കാർഡ് മതി

സ്വന്തം ലേഖകൻSaturday, November 19, 2016 9:36 am

ബെംഗളൂരുവിലെ യാത്രക്കാര്‍ക്കായി അടുത്തവര്‍ഷം ജനവരി മുതൽ സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമായിത്തുടങ്ങുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.

ബെംഗളുരു: ബെംഗളൂരുവിലെ യാത്രക്കാര്‍ക്കായി അടുത്തവര്‍ഷം ജനവരി മുതൽ സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമായിത്തുടങ്ങുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു. സ്മാര്‍ട്ട് കാര്‍ഡ് ‘സ്വൈപ്പ്’ ചെയ്ത് ടിക്കറ്റിന്റെ പണം നല്‍കുന്നതിന്റെ പരീക്ഷണഘട്ടം അടുത്തിടെ ആരംഭിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടാണ് മുഴുവൻ ബസുകളിലും ഈ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.

സമയം ലാഭിക്കാമെന്നതിനു പുറമെ ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കങ്ങളൊഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് ബി.എം.ടി.സി. മാനേജിങ് ഡയറക്ടര്‍ ഏക്രൂപ് കൗര്‍ പറഞ്ഞു. സ്മാര്‍ട്ട് കാര്‍ഡുകള്‍ ബസില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്. ഇതിനായി 10,000 ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകള്‍ ബി.എം.ടി.സി. വാങ്ങിയിട്ടുണ്ട്. 

നിലവിൽ ശാന്തിനഗര്‍ ഡിപ്പോയില്‍നിന്ന് പുറപ്പെടുന്ന ബസുകളിലാണ് സ്മാർട്ട് കാർഡ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 25 രൂപയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് വാങ്ങി യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് റീചാര്‍ജ് ചെയ്യാം. സ്മാര്‍ട്ട്കാര്‍ഡില്‍ യാത്രക്കാരുടെ ഫോട്ടോ, പേര്, വിലാസം എന്നിവയുണ്ടാകും. ബി.എം.ടി.സി.യുടെ പ്രത്യേക കൗണ്ടറുകള്‍ വഴിയായിരിക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x