Currency

ഗള്‍ഫിലും സ്വര്‍ണത്തിന് പൊള്ളും വില; ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

സ്വന്തം ലേഖകന്‍Wednesday, June 26, 2019 1:52 pm

ദുബായ്: ഗള്‍ഫില്‍ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന വിലയിലായില്‍ ചൊവ്വാഴ്ചത്തെ സ്വര്‍ണ വ്യാപാരം. 22 ക്യാരറ്റിന് 163.50 ദിര്‍ഹമായിരുന്നു ചൊവ്വാഴ്ച ദുബായിലെ വില. 24 ക്യാരറ്റിന് 174 ദിര്‍ഹവും 21 ക്യാരറ്റിന് 156 ദിര്‍ഹവും വിലയുണ്ട്. കഴിഞ്ഞ നാല് ആഴ്ച കൊണ്ട് 10 ശതമാനം വില വര്‍ദ്ധിച്ചു. അവധിയില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ വില വര്‍ധനവിനെ തുടര്‍ന്ന് തല്‍ക്കാലം സ്വര്‍ണം വാങ്ങേണ്ടെന്ന നിലപാടിലാണ്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വര്‍ണവിപണിയില്‍ കാര്യമായ മന്ദത അനുഭവപ്പെടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

ഡോളറിന്റെ മൂല്യം ഇടിയുന്നതിന് പുറമെ അമേരിക്കയും ഇറാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ നടപടികള്‍ പ്രതീക്ഷിക്കുന്നതും ആഗോളതലത്തിലെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞും വില വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി നില്‍ക്കുകയോ ചെയ്യുമെങ്കില്‍ തല്‍കാലം വില കുറയില്ലെന്ന ധാരണയില്‍ വിപണി വീണ്ടും സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതേസമയം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് വലിയ ആത്മവിശ്വാസവും വില വര്‍ദ്ധനവ് സമ്മാനിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x