
ദുബായ്: പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച ദേശീയ നയം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായുള്ള യുഎഇ മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സേവനകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും രോഗപ്രതിരോധ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമുള്ള ഏകോപന ചട്ടക്കൂടായി നയം പ്രവര്‍ത്തിക്കും.
ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാംക്രമിക രോഗങ്ങള്‍ക്കെതിരായ യുഎഇയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാരിതര മേഖലയെയും കമ്മ്യൂണിറ്റി അംഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും ഇത് ലക്ഷ്യമിടുന്നു.
പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച ദേശീയ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ വാക്‌സിനുകള്‍ വ്യാപകമായി ലഭ്യമാക്കുക, അവയുടെ സുസ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തുക, അവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഈ മേഖലയിലെ നവീകരണത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുക എന്നിവയാണ്. ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലും രോഗം പടരുന്ന സഹചര്യത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമുള്ള മേഖലാപരമായ ദേശീയ ചട്ടക്കൂട് ആയിരിക്കും ഇത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.