Currency

യുവത്വത്തിന് പ്രാധാന്യം; യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍Saturday, October 21, 2017 11:01 am

ദുബായ്: യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. യുവത്വത്തിന് പ്രാധാന്യം നല്‍കിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പുതിയ വകുപ്പുകള്‍ പ്രഖ്യാപിച്ചത്. യുഎഇ സെന്റണിയല്‍ പദ്ധതി 2071ന്റെ മുന്നോടിയായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പുനഃസംഘടനവഴി കൂടുതല്‍ യുവാക്കള്‍ മന്ത്രിസഭയിലെത്തുകയാണെന്നും വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) ഒരു പ്രത്യേക വകുപ്പായി ഉള്‍പ്പെടുത്തിയതാണ് ഒരു സുപ്രധാന തീരുമാനം. ഇരുപത്തിയേഴുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയെയാണ് ഈ വകുപ്പിന്റെ മന്ത്രിയായി നിയമിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ലോകത്തെ നയിക്കാന്‍ കെല്‍പുള്ള രാജ്യമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം. നൂതന ശാസ്ത്രമാണ് മറ്റൊരു പുതിയവകുപ്പ്. മുപ്പതുകാരിയായ സാറ അല്‍ അമീറിക്കാണ് ഈ വകുപ്പിന്റെ ചുമതല. ഭക്ഷ്യസുരക്ഷാ മന്ത്രിയായി മറിയം അല്‍ മെഹിരി നിയമിതയായി.

ഉന്നതവിദ്യാഭ്യാസമന്ത്രി അഹമ്മദ് അബ്ദുല്ല ഹുമൈദ് ബെല്‍ ഹോള്‍ അല്‍ ഫലസിക്ക് ‘അഡ്വാന്‍സ്ഡ് സ്‌കില്‍സ്’ എന്ന പുതിയ വകുപ്പിന്റെ ചുമതലകൂടി നല്‍കാനും തീരുമാനമായി. സാമൂഹിക വികസന മന്ത്രിയായി ശൈഖ് മുഹമ്മദ് നിയമിച്ചത് ഹെസ്സ ബിന്‍ത് ഈസ ബു ഹുമൈദിനെയാണ്. മനുഷ്യ വിഭവശേഷിസ്വദേശിവത്കരണ മന്ത്രിയായി നാസ്സര്‍ ബിന്‍ താനി അല്‍ ഹമേലി നിയമിതനായി. സഹിഷ്ണുതാ വകുപ്പിന്റെ പുതിയ അമരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെയാണ്. നൂറ അല്‍ കഅബിയാണ് പുതിയ സാംസ്‌കാരികവൈജ്ഞാനിക വികസന മന്ത്രി.

ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് മന്ത്രിസഭയില്‍നിന്ന് പുറത്തേക്കുപോകുന്ന മന്ത്രിമാര്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശം അവസാനിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x