
ഷാര്‍ജ: യു.എ.ഇയില്‍ ജോലി അന്വേഷിച്ച് എത്തുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഇന്റര്‍വ്യൂവിന് മുഖം കാണിക്കാന്‍ 100 മുതല്‍ 500 ദിര്‍ഹം വരെയാണ് ഇവര്‍ മുന്‍കൂര്‍ ഈടാക്കുന്നത്. സിവീ വാങ്ങി ഇവര്‍ 200 ദിര്‍ഹം ഈടാക്കും. ഇന്റര്‍വ്യൂ പരിശീലനത്തിനുള്ള സീഡിക്കാണ് ഈ തുകയെന്നും പണം തിരിച്ചു നല്‍കില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന രസീതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് വിളിക്കുമ്പോള്‍ മൂന്നൂറ് ദിര്‍ഹം കൂടി നല്‍കണമെന്നും ഇതിലുണ്ട്.
സന്ദര്‍ശക വിസയില്‍ എത്തി തൊഴിലന്വേഷിക്കുന്നവരാണ് ഇവരുടെ പ്രധാന ഇരകള്‍. ദിവസം നിരവധി മലയാളികളാണ് ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത്. ദിവസം നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പണം ഈടാക്കുന്ന ഏജന്‍സികള്‍ ഷാര്‍ജയിലും സജീവമാണ്. ഏത് കമ്പനിയിലേക്കാണ് നിയമനം നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇവര്‍ ഒരുക്കമല്ല. അഭിമുഖങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് പഠിപ്പിക്കുന്ന വീഡിയോകളാണ് ഇവര്‍ നല്‍കുന്ന സീഡിയിലുള്ളത്. യൂട്യൂബില്‍ സൗജന്യമായി ലഭിക്കുന്ന വീഡിയോകളാണിത്.
സന്ദര്‍ശക വിസയിലായതില്‍ ഇത്തരം സംഘങ്ങള്‍ക്കെതിരെ പരാതി നല്‍കാനും ഉദ്യോഗാര്‍ഥികള്‍ മടിക്കുകയാണ്. നിലവാരമുള്ള ഒരു റിക്രൂട്ടിംഗ് കമ്പനിയും ജോലി കിട്ടും മുമ്പ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് മുന്‍കൂര്‍ പണം ഈടാക്കില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.