
ദുബായ്: വിദേശ സ്ഥാപനങ്ങള്‍ യു.എ.ഇയില്‍ നിന്ന് ബിസിനസ് ആവശ്യത്തിനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈടാക്കുന്ന മൂല്യവര്‍ധിത നികുതി തിരിച്ചു നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ നികുതി അതോറിറ്റി പ്രഖ്യാപിച്ചു. നാല് വ്യവസ്ഥകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് വാറ്റ് റീഫണ്ട് സാധ്യമാവുക.
വാറ്റ് തിരികെ ലഭിക്കേണ്ട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യു.എ.ഇയിലോ, വാറ്റ് നടപ്പാക്കിയ മറ്റ് ജി.സി.സി രാജ്യങ്ങളിലോ സ്ഥാപനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് ആദ്യത്തെ വ്യവസ്ഥ. യു.എ.ഇയില്‍ നികുതി നല്‍കാന്‍ ബാധ്യതയുള്ള വിദേശ സ്ഥാപനങ്ങള്‍ ആയിരിക്കരുത്. ബിസിനസ് ആരംഭിച്ച രാജ്യത്തെ അതോറിറ്റിയില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഈ സ്ഥാപനങ്ങള്‍ വാറ്റ് നടപ്പാക്കിയതും അതേസമയം യു.എ.ഇയിലേതിന് തുല്യമായ വാറ്റ് റീഫണ്ട് നല്‍കുന്നതുമായ രാജ്യങ്ങളില്‍ നിന്നുള്ളവയായിരിക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.
റീഫണ്ട് ക്ലെയിമിന് കലണ്ടര്‍ വര്‍ഷമാണ് ബാധകമാക്കുക. 2018 കലണ്ടര്‍ വര്‍ഷത്തെ ക്ലെയിമിന് 2019 ഏപ്രില്‍ ഒന്ന് മുതലായിരിക്കും റീഫണ്ട് അപേക്ഷ നല്‍കാന്‍ സാധിക്കുക. എന്നാല്‍, തുടര്‍ന്നുള്ള കലണ്ടര്‍ വര്‍ഷങ്ങളില്‍ വാറ്റ് റീഫണ്ട് മാര്‍ച്ച് ഒന്ന് മുതല്‍ സ്വീകരിക്കും. ബിസിനസ് സന്ദര്‍ശകര്‍ സമര്‍പ്പിക്കുന്ന വാറ്റ് റീഫണ്ട് അപേക്ഷകളിലെ കുറഞ്ഞ ക്ലെയിം തുക 2000 ദിര്‍ഹമായിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.