Currency

യുഎഇയില്‍ തണുപ്പ് കൂടും; കാലാവസ്ഥാ മാറ്റത്തില്‍ ജാഗ്രത: ഡ്രൈവര്‍മാര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ച് അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Saturday, January 23, 2021 8:28 pm

അബുദാബി: മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അബുദാബി പൊലീസ് ശില്‍പശാല സംഘടിപ്പിച്ചു. ആദ്യഘട്ടത്തില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി ജീവനക്കാര്‍ക്കായിരുന്നു പരിശീലനം.

അസ്ഥിര കാലാവസ്ഥയില്‍ കാഴ്ച മറയുന്നതിനാല്‍ വേഗപരിധി കുറയ്ക്കുക, വലിയ വാഹനങ്ങള്‍ റോഡില്‍ പ്രവേശിക്കാതിരിക്കുക, മുന്നോട്ടു പോകാന്‍ സാധിക്കാത്ത വിധം കാഴ്ച മറഞ്ഞാല്‍ റോഡിന്റെ വശങ്ങളിലായി വാഹനം പാര്‍ക്കു ചെയ്ത ശേഷം ഹസാഡ് ലൈറ്റ് ഇടുക, തുടങ്ങിയ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കനത്ത മൂടല്‍ മഞ്ഞില്‍ ദൃശ്യപരിധി കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിക്കുകയും 8 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബോധവല്‍ക്കരണം വ്യാപകമാക്കിയത്.

യുഎഇയില്‍ അടുത്ത 5 ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കും. വടക്കു പടിഞ്ഞാറുനിന്നുള്ള വേഗമേറിയ കാറ്റാണ് കൂടുതല്‍ തണുപ്പിനു കാരണം. ഞായറാഴ്ച താപനില അല്‍പം കൂടുകയും കാറ്റിന്റെ വേഗം മണിക്കൂറില്‍ 1540 കി.മീ വരെയാകും. തിങ്കളാഴ്ച ഈര്‍പ്പം നിറഞ്ഞ, മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കും. ആകാശം മേഘാവൃതമാകും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 1030 കി.മീ ആയി കുറയും. ചൊവ്വാഴ്ച താപനില കുറയും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 1030 കി.മീ. വരെയായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x