Currency

ഇളവ് അവസാനിച്ചു; യുഎഇ വീസ, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവര്‍ ഇനി മുതല്‍ പിഴയൊടുക്കണം

സ്വന്തം ലേഖകന്‍Sunday, October 11, 2020 3:51 pm

ദുബായ്: മാര്‍ച്ച് ഒന്നു മുതല്‍ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചു. ഞായര്‍ മുതല്‍ പിഴ ഒടുക്കിയാലേ നാട്ടിലേയ്ക്ക് തിരിച്ചുപോകാനും വീസ നിയമാനുസൃതമാക്കാനും സാധിക്കുകയുള്ളൂ. കോവിഡ്19 നെ തുടര്‍ന്നായിരുന്നു അധികൃതര്‍ 3 മാസത്തെ ഇളവ് അനുവദിച്ചിരുന്നത്.

കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി (ഐസിഎ) തീരുമാനം മാറ്റുകയായിരുന്നു. എമിറേറ്റ്‌സ് ഐഡിയുടെ കാലാവധി കഴിഞ്ഞവരും ഇന്ന് മുതല്‍ പിഴയൊടുക്കണമെന്നും വ്യക്തമാക്കി.

ആറ് മാസത്തില്‍ (180 ദിവസം) കൂടുതല്‍ യുഎഇക്ക് പുറത്തുള്ള താമസ വീസക്കാര്‍ക്ക് ഇനിയും തിരിച്ചുവരാനാകുമെന്ന് ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. നിങ്ങളുടെ വീസ സാധുവായിരിക്കണമെന്ന് മാത്രം. അതേസമയം, ദുബായിക്ക് പുറത്തുള്ള എമിറേറ്റുകളിലെ വീസക്കാര്‍ ഐസിഎ (ICA)യില്‍ അന്വേഷിച്ച ശേഷമായിരിക്കണം യാത്ര പുറപ്പെടേണ്ടത്.

അതേസമയം ഈ മാസം 5 വരെ യുഎഇ പുതിയ തൊഴില്‍ വീസകള്‍ അനുവദിച്ചിരുന്നില്ല. അതിന് ശേഷം ചില മേഖലകളിലെ വീസകളും വര്‍ക് പെര്‍മിറ്റും നല്‍കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x