Currency

ഭവനവായ്പ: യുഎഇയില്‍ ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി

സ്വന്തം ലേഖകന്‍Saturday, October 12, 2019 2:34 pm

ദുബായ്: ഭവനവായ്പ ലഭ്യമാക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി യു.എ.ഇ എടുത്തുകളഞ്ഞു. ഭവനവായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ എളുപ്പമാക്കാനും കൂടുതല്‍ പേരിലേക്ക് വായ്പ എത്തിക്കാനുമാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ നടപടി. നേരത്തേ ഭവന വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് അവസാന ഘഡുവിന്റെ സമയത്ത് 70 വയസാകുമെങ്കില്‍ അവര്‍ക്ക് വായ്പ അനുവദിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. ഈ വിലക്കാണ് സെന്‍ട്രല്‍ ബാങ്ക് ഒഴിവാക്കിയത്. പകരം വായ്പ നല്‍കുന്ന ബാങ്കിന്റെ റിസ്‌ക് മാനേജ്‌മെന്റ് ടീമിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

വായ്പ തിരിച്ചടക്കാന്‍ മുഴുവന്‍ ശേഷിയുമുണ്ടെന്നിരിക്കെ പ്രായാധിക്യത്തിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായവും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ പ്രധാന വാണിജ്യരംഗങ്ങളിലൊന്നായ റിയല്‍ എസ്റ്റേറ്റ് രംഗത്ത് അനുഭവപ്പെടുന്ന മാന്ദ്യം പരിഹരിക്കാനും ഇടപാടുകള്‍ കൂടുതല്‍ സജീവമാക്കാനും ഈ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x