ദുബായ്: മലയാളി വിദ്യാര്‍ത്ഥിനിയായ മീനാക്ഷി ജയകുമാര്‍ പാടിയ യു.എ.ഇ ദേശീയദിനാഘോഷ ഗാനം അറബ് സ്വദേശികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു. മാസങ്ങള്‍ക്കുമുമ്പ് നടന്ന ഷാര്‍ജ ടി.വിയുടെ റിയാലിറ്റി ഷോ വിജയികൂടിയാണ് മീനാക്ഷി. ‘നഹനു ഇമാറാത്തി ഹുന്‍’ എന്ന പേരില്‍ അബുദബി ലുലുഷോപ്പിങ് മാളിലെ ജീവനക്കാരനും കവിയുമായ അനില്‍ കുമ്പനാട് അണിയിച്ച് ഒരുക്കി, തനത് അറബി ഭാഷ ശൈലിയില്‍ മീനാക്ഷി പാടിയ ഗാനം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാണ്. മലയാളത്തില്‍ അനില്‍ എഴുതിയ വരികള്‍ റാസല്‍ഖൈമയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുല്‍സലാം അഹ്മദാണ് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത്.
ഏഴു കടലും താണ്ടി….. ഏഴു വന്‍കരയില്‍ നിന്നും…എന്ന് അര്‍ത്ഥം വരുന്ന വരികളാണിത്. അറബ് രാഷ്ട്രങ്ങളിലെ ആലാപന രീതികള്‍ വ്യത്യസ്തമാണ്. യു.എ.ഇ ആലാപന ഉച്ചാരണമല്ല ഖത്തറിന്റേത്. പ്രദേശിക ഭാഷാ പ്രയോഗങ്ങളും വേറിട്ട് നില്‍ക്കുന്നു. വാക്കുകളിലെ ഉച്ചാരണ മികവും അതിന്റെ പാരമ്പര്യ ഈണങ്ങളുമാണ് അറബി ആലാപനത്തില്‍ പ്രധാനം. ആ ആലപാന മാധുര്യം ഈ ഗാനത്തില്‍ മീനാക്ഷി കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഇമാറാത്തികള്‍ പറയുന്നു.
ഗാനരചന നിര്‍വഹിച്ച അനില്‍ കുമ്പനാട് 20 വര്‍ഷമായി യു.എ.ഇയിലെ കലാരംഗത്ത് സജീവമാണ്. ഒട്ടനവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഗാനം അനില്‍ ചിട്ടപ്പെടുത്തുന്നത്. മലയാളത്തിലും കൂടി പുറത്തിറകിയ ഗാനം ഗായിക നിത്യയാണ് ആലപിച്ചത്. പാട്ടിന്റെ ചിത്രീകരണവും മികവ് പുലര്‍ത്തുന്നു. കെ.കെ. മൊയ്തീന്‍ കോയ, സാഹില്‍ ഹാരിസ്, അനില്‍ കുമ്പനാട്, ടിനി തുടങ്ങിയവര്‍ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നു.
ഷാര്‍ജ ടി.വിയുടെ ഏറെ ജനകീയമായ ഒരു റിയാലിറ്റി ഷോയില്‍ അറബ് മല്‍സരാര്‍ഥികളെ പിന്തള്ളിയാണ് അങ്കമാലിക്കാരിയായ മീനാക്ഷി ഒന്നാം സ്ഥാനം നേടിയത്. അന്ന് ഷാര്‍ജ ഭരണാധികാരിയില്‍ നിന്നാണ് മീനാക്ഷി സമ്മാനം വാങ്ങിയത് വാര്‍ത്തയായിരുന്നു. എന്‍ജിനിയറായ ജയകുമാറിന്റെയും ഡോ. രേഖയുടെയും മകളാണ് മീനാക്ഷി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.