Currency

യു.എ.ഇയിലെ മസ്ജിദുകളില്‍ ജുമുഅ പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, December 5, 2020 4:00 pm

ദുബായ്: യു.എ.ഇയിലെ മസ്ജിദുകളില്‍ ജുമുഅ പുനരാരംഭിച്ചു. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ തുടങ്ങുന്നത്. ദുബായിലെ 766 പള്ളികളും, ഷാര്‍ജയിലെ 487 പള്ളികളും ജുമുഅക്കായി തുറക്കുന്നു. മറ്റ് എമിറേറ്റുകളിലും കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ നടക്കും. ശേഷിയുടെ 30 ശതമാനം വിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനം.

ജുമുഅക്ക് അരമണിക്കൂര്‍ മുമ്പ് മാത്രമേ പള്ളികള്‍ തുറക്കൂ. പത്ത് മിനിറ്റില്‍ ഖുത്തുബയും നമസ്‌കാരവും അവസാനിപ്പിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അരമണിക്കൂറില്‍ പള്ളി അടക്കും. വിശ്വാസികള്‍ മാസ്‌ക് ധരിച്ചിരിക്കണം. മുസല്ലകള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണം. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്‌കരിക്കാം. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍. നമസ്‌കാരത്തിലും ശാരീരിക അകലം പാലിക്കണം. ഖുര്‍ആന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണം. പാരായണത്തിന് മൊബൈലും ടാബും ഉപയോഗിക്കാം.

ജുമുഅക്ക് മുമ്പോ പിമ്പോ ജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. ഹസ്തദാനവും ആശ്ലേഷവും പാടില്ല. ഭക്ഷണമോ, നോട്ടീസോ, സംഭാവനയോ വിതരണം ചെയ്യരുത്. പ്രായമായവരും രോഗികളും കുട്ടികളും ജുമുഅക്ക് വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x