Currency

യു.എ.ഇയുടെ ദീര്‍ഘകാല വിസ പദ്ധതിക്ക് മികച്ച പ്രതികരണം

സ്വന്തം ലേഖകന്‍Saturday, May 4, 2019 11:59 am

ദുബായ്: യു.എ.ഇയില്‍ ദീര്‍ഘകാല വിസ അപേക്ഷകള്‍ സ്വീകരിക്കാനുള്ള നടപടിക്ക് മികച്ച പ്രതികരണം. സ്‌പോണ്‍സറില്ലാതെ തന്നെ വിസ ലഭിക്കുമെന്നു വന്നതോടെ നിരവധി അപേക്ഷകളാണ് അധികൃതര്‍ക്ക് ലഭിച്ചത്. താമസ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വിസ അനുവദിക്കുന്നത്. പോയ വര്‍ഷമാണ് മന്ത്രിസഭ ഇതു സംബന്ധിച്ച സുപ്രധാന നിയമനിര്‍മാണം കൊണ്ടുവന്നത്.

ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് വിദഗ്ധ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള തീരുമാനം. നിക്ഷേപകര്‍, സ്വയം സംരംഭകര്‍, നവീന ആശയം കൊണ്ടുവരുന്നവര്‍, ഡോക്ടര്‍, ഗവേഷകര്‍ തുടങ്ങി വിവിധ മേഖലകളിലെ അതിവിദഗ്ധര്‍, ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ദീര്‍ഘകാല വിസ.

ജീവിത പങ്കാളി, മക്കള്‍, കമ്പനിയിലെ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഉപദേശകന്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ വിസ ലഭിക്കും. ഇവര്‍ക്ക്തുടക്കത്തില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയും നല്‍കും. ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍, നൂതന ആശയമുള്ളവര്‍, കലാസാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടും. 5 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത തുകയ്ക്കുള്ള സ്വയം സംരംഭം ഉള്ളവര്‍ക്കും ദീര്‍ഘകാല വിസ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x