Currency

വിനോദ സഞ്ചാരികള്‍ക്ക് ‘വാറ്റ്’ റീഫണ്ട്; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Tuesday, November 13, 2018 1:44 pm

ദുബായ്: മൂല്യവര്‍ധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികള്‍ക്കു തിരികെ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ ഞായറാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്കു വാറ്റ് തുക തിരികെ ലഭിക്കും.

രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റോഡ് അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ അടുത്തമാസം 16 മുതല്‍ ലഭ്യമാകുമെന്നും യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയും ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. സാധനം വാങ്ങുമ്പോള്‍ ഇടപാടുകാരന്‍ യുഎഇയില്‍ ഉണ്ടാകണം. വാറ്റ് തുക തിരികെ കിട്ടാന്‍ സാധനം വാങ്ങിയതിന്റെ യഥാര്‍ഥ രസീത് നേരില്‍ ഹാജരാക്കുകയും വേണം.

ഇതെല്ലാം 90 ദിവസത്തിനകം ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇടപാടുകാരന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും കടയുടമ രേഖപ്പെടുത്തുകയും രസീത് നല്‍കുകയും വേണം. ഇടപാടുകാരനു 18 വയസ്സ് തികഞ്ഞിട്ടുണ്ടോ എന്നും ഉറപ്പാക്കണം.

വിനോദസഞ്ചാരിയില്‍നിന്നു വാറ്റ് തുകയുടെ 15% ഫീസ് ആയി ഈടാക്കും. ഓരോ ഇടപാടിനും 4.8% നല്‍കണം. തിരികെ നല്‍കുന്ന മൊത്തം തുകയില്‍നിന്ന് ഇതു കുറയ്ക്കും. 24 മണിക്കൂറിനുള്ളില്‍ കിട്ടാവുന്ന പരമാവധി തുക 10,000 ദിര്‍ഹം ആയിരിക്കും. വാങ്ങുന്ന സാധനങ്ങള്‍ വിനോദസഞ്ചാരികള്‍ രാജ്യംവിടുമ്പോള്‍ ഒപ്പം കൊണ്ടുപോകണമെന്നതാണു മറ്റൊരു വ്യവസ്ഥ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x