
ദുബായ്: രക്ഷിതാക്കള്‍ക്കൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക് വിസാ ഫീസ് നല്‍കേണ്ട. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് എല്ലാ വര്‍ഷവും ഈ ഇളവ് ലഭിക്കുക. ടൂറിസം പ്രോല്‍സാഹനം ലക്ഷ്യം വെച്ച് യു.എ.ഇ മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.
ടൂറിസ്റ്റുകളെ കുടുംബസമേതം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഈ നടപടി ഉപകരിക്കും. സന്ദര്‍ശകര്‍ക്ക് വേണ്ടി നേരത്തെയും വിസ ചട്ടങ്ങളില്‍ യു.എ.ഇ. ഇളവ് വരുത്തിയിരുന്നു. ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് 48 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാന്‍ ഫീസ് ഈടാക്കേണ്ടതില്ലെന്നതായിരുന്നു ഇതില്‍ പ്രധാനം. 50 ദിര്‍ഹം നല്കി ഈ ആനുകൂല്യം 96 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാനും അനുമതി നല്കി.
ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം എന്നനിലക്ക് ഓരോ വര്‍ഷവും ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുള്ളത്. ഈ വര്‍ഷം ആദ്യ 3 മാസം മാത്രം 32.8 ദശലക്ഷം യാത്രക്കാരാണ് യു.എ.ഇ വിമാനത്താവളങ്ങള്‍ മുഖേന കടന്നു പോയത്. കുടുംബ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റം കുറിക്കാന്‍ പുതിയ നടപടി ഏറെ ഉപകരിച്ചേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.