ലണ്ടന്‍: കോവിഡ് വീണ്ടും അനിയന്ത്രിതമായി വ്യാപിക്കുന്ന ബ്രിട്ടനില്‍ രണ്ടാമതൊരു ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍. രാജ്യത്തിന്റെ സ്ഥിതി ആപത്ഘട്ടത്തിലാണെന്നും ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ആശുപത്രി അഡ്മിഷനുകള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ മറ്റൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍മാരില്‍ ഒരാളായ പ്രഫ. പീറ്റര്‍ ഹോര്‍ബി വ്യക്തമാക്കി. രോഗവ്യാപനവും മരണനിരക്കും കൂടിവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കനത്ത നിയന്ത്രണങ്ങള്‍ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് രണ്ടാമത് ഒരു ലോക്ക്ഡൗണ്‍ അനിവാര്യമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
മൂന്നു തലത്തില്‍ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാന്‍ സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിക്കും. രോഗവ്യാപനത്തിന്റെ നിരക്ക് വ്യക്തമാക്കുന്ന ആര്‍ നമ്പര്‍ ബ്രിട്ടനില്‍ ഇപ്പോള്‍ 1.2നും 1.5നും മധ്യേയാണ്.
എന്നാല്‍ സ്‌കൂളുകളും ഓഫിസുകളും അടച്ചും, പൊതു ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയുമുള്ള സമ്പൂര്‍ണ ലോക്ക്ഡൗണിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇപ്പോള്‍ തന്നെ തകരാറിലായ സമ്പത്ത് വ്യവസ്ഥയെ തച്ചുടയ്ക്കുന്നതാകും മറ്റൊരു ലോക്ക്ഡൗണിനുള്ള തീരുമാനമെന്ന തിരിച്ചറിവാണ് ഇതില്‍നിന്നും സര്‍ക്കാരിനെ പിന്നോട്ടു വലിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.