
ലണ്ടൻ : ബ്രക്സിറ്റിന് ശേഷം ബ്രിട്ടൻ ഏർപ്പെടുത്തിയ പുതിയ വിസാനിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. യൂറോപ്യൻ യൂണിയനു പുറത്ത് നിന്നും വരുന്നവർക്ക് വിസ നൽകുന്നതിനാണ് യു.കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതലായും ഉപയോഗപ്പെടുത്തുന്ന ടയർ ടു വിസ നല്‍കുന്നതിനാണ് യു.കെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യു.കെയിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന സ്പോൺസർമാർ ഇനിമുതൽ ഇമിഗ്രേഷൻ സ്കിൽസ് ചാർജ്ജായി 1,000 പൗണ്ട് നല്‍കണം.
കൂടുതൽ യു.കെ പൗരന്മാരെ തൊഴിൽ സ്ഥാപനങ്ങളിൽ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബ്രിട്ടീഷ് വിസക്ക് അപേക്ഷിക്കുന്നവർ സ്വന്തം പേരിൽ ക്രിമിനൽ കേസുകൾ നിലവില്ല എന്നതിന്റെ സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. സന്നദ്ധസംഘടനകളിൽ തൊഴിലെടുക്കുന്നവർ 364 പൗണ്ട് നൽകിയാൽ മതിയാവും.
പുതിയ തീരുമാനം മൂലം യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ യു.കെയിലെ പല സ്ഥാപനങ്ങളും പഴയതു പോലെ താല്പര്യം കാണിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടയർ ടു വിസയിൽ യു.കെയിൽ ജോലിക്കെത്തുന്നവരുടെ മിനിമം ശമ്പളം 25,000 പൗണ്ടിൽ നിന്ന് 30,000 പൗണ്ടായി ഉയർത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.