
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2021 ഏപ്രില്‍ മുതല്‍ മൂല്യ വര്ദ്ധിതനികുതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. മൂല്യവര്‍ധിത നികുതി നടപ്പാക്കണമെന്നത് ജി.സി.സി തലത്തിലെടുത്ത തീരുമാനമാണെങ്കിലും പ്രാദേശികമായ എതിര്‍പ്പ് കാരണം കുവൈത്തില്‍ വാറ്റ് പ്രാബല്യത്തില്‍ വന്നിട്ടില്ല.
പുകയില ഉല്പന്നങ്ങള്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് 2020 ഏപ്രില്‍ തുടക്കം മുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ ആലോചനയുള്ളതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 2021/ 22 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എങ്കിലും പാര്‍ലമെന്റിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് വാറ്റ് നടപ്പാക്കല്‍ എളുപ്പമാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വാറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമാണെന്ന കാര്യം പാര്‍ലമെന്റിനെ ബോധ്യപ്പെടുത്തി സമവായത്തിലെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. സൗദിയും യുഎഇയും കഴിഞ്ഞ വര്‍ഷം വാറ്റ് നടപ്പാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.