Currency

പ്രവാസികളുടെ ഓണസദ്യക്ക് കൈപൊള്ളും; ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറിക്ക് വിലവര്‍ധന

സ്വന്തം ലേഖകന്‍Friday, September 1, 2017 3:30 pm

ദുബായ്: ഇത്തവണ ഓണസദ്യ ഒരുക്കാന്‍ ഗള്‍ഫിലെ പ്രവാസികളുടെ കൈപൊള്ളും. ഓണമെത്തിയതോടെ പച്ചക്കറികളുടെ വിലവര്‍ധിച്ചു. ഇന്ത്യയില്‍നിന്നെത്തുന്ന പച്ചക്കറി ഇനങ്ങള്‍ക്കാണു വന്‍ വിലക്കയറ്റമുണ്ടായത്. ഒമാന്‍, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെത്തുന്ന പച്ചക്കറികള്‍ക്കു വിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. മല്‍സ്യം, മാംസം തുടങ്ങിയവയ്ക്കും വില ഉയര്‍ന്നിട്ടില്ല.

യുഎഇയില്‍ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ പ്രത്യേക മാനദണ്ഡങ്ങളുള്ളതിനാല്‍ ഒരു പരിധിവരെ വില ഉയര്‍ത്താന്‍ സാധ്യമല്ലെന്നതും ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി. നാട്ടില്‍ പച്ചക്കറിക്ക് വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗള്‍ഫിലും വില വര്‍ധിച്ചതെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ നിന്നുവരുന്ന പയറിന്റെ വില ബര്‍ദുബായില്‍ രണ്ടാഴ്ച മുമ്പുവരെ 12.95 ദിര്‍ഹമായിരുന്നത് ഇപ്പോള്‍ കിലോഗ്രാമിന് 18.95 ആയി ഉയര്‍ന്നു. ഒന്‍പതു ദിര്‍ഹമായിരുന്ന പച്ച ഏത്തക്കായുടെ വില 12.95 ആയി. മാങ്ങയ്ക്ക് 10.95 ദിര്‍ഹവും പപ്പായയ്ക്കു 6.95 ദിര്‍ഹവുമാണ് വില. എന്നാല്‍ ഉള്ളിയുടെയും സവാളയുടെയും വിലയില്‍ വലിയ മാറ്റമുണ്ടായിട്ടിട്ടില്ല. ഷാര്‍ജയില്‍ ബീന്‍സിന്റെ വില ആറില്‍നിന്ന് പന്ത്രണ്ടും ഇഞ്ചി 3.50 ല്‍നിന്നു പത്തു ദിര്‍ഹവും ആയി ഉയര്‍ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x