
വിക്ടോറിയ: സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന അടിയന്തരാവസ്ഥ സെപ്റ്റംബര്‍ 13ന് അവസാനിക്കാനിരിക്കെ ആറ് മാസത്തേക്ക് കൂടി ഇത് നീട്ടാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചര്‍ച്ച അര്‍ദ്ധരാത്രി കഴിഞ്ഞും നീണ്ടുപോയി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബില്‍ പാസായത്.
ജനങ്ങളുടെ സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ലോക്ക്ഡൗണ്‍ നീട്ടുക എന്നല്ല ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും പ്രീമിയര്‍ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസര്‍ക്ക് വിപുലമായ അധികാരങ്ങളാകും ലഭിക്കുക. ജനങ്ങളെ ക്വാറന്റൈനിലാക്കാനും, ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കാനും, യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്താനുമെല്ലാം ഉള്‍പ്പെടെയാണ് ഈ അധികാരം.
കൊവിഡ് സ്ഥിരീകരിക്കുന്നയാള്‍ ഐസൊലേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും, കഫെയും മറ്റും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹിക അകലം പാലിച്ച് കൊവിഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും മറ്റുമാണ് അടിയന്തരാവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രീമിയര്‍ വ്യക്തമാക്കി.
കൂടാതെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ക്ക് നിയമപരമായി ആരോഗ്യസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇത് അനുവാദം നല്‍കും. ഇതിന് പുറമെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന State of Disaster അഥവാ ദുരന്ത സാഹചര്യവും നീട്ടി. ഓഗസ്റ്റ് രണ്ട് ബുധനാഴ്ച വൈകിട്ടത് ആറുമണിക്ക് അവസാനിക്കാനിരുന്ന ദുരന്ത സാഹചര്യമാണ് 11 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.