
വിക്ടോറിയ: സംസ്ഥാനത്ത് കൊറോണ പരിശോധനക്ക് വിധേയരാവുന്നവര്‍ക്കും, ഫലം ലഭിക്കുന്നത് വരെ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടവര്‍ക്കും, മെഡിക്കല്‍ ലീവ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന ധനസഹായം വര്‍ദ്ധിപ്പിച്ചു. നിലവില്‍ 300 ഡോളറാണ് ഇവര്‍ക്ക് ധനസഹായമായി നല്‍കുന്നത്. ഇത് 450 ഡോളറാക്കി ഉയര്‍ത്തുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ഐസൊലേറ്റ് ചെയ്യാത്തതാണ് രോഗബാധ വര്‍ധിക്കാന്‍ കാരണമെന്ന് പ്രീമിയര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായം ലഭിച്ചവരും, തൊഴിലുടമകളും യൂണിയനുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇപ്പോള്‍ 150 ഡോളര്‍ വര്‍ദ്ധപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിക്ടോറിയയില്‍ നാലാം ഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ കൊറോണബാധ കുറഞ്ഞു. എന്നാല്‍ സ്ഥിതി മെച്ചപ്പെടുന്നോ എന്നു പറയാറായിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ പ്രദേശത്തും രോഗബാധ കൂടുന്നതിനാല്‍ ഇവിടെ കൂടുതല്‍ പരിശോധന നടത്തുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് അറിയിച്ചു. ബലാററ്റ്, ജീലോംഗ്, ബെന്‍ഡിഗോ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ അധിക ടെസ്റ്റിംഗ് സൈറ്റുകള്‍ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.