
ബ്രിസ്ബേൺ: വിദേശത്തു നിന്ന് തൊഴിലാളികളെ സ്പോൺസർ ചെയ്ത് കൊണ്ടുവരുന്നതിനുള്ള 457 വിസ നിർത്തലാക്കിയതായി പ്രധാനമന്ത്രി മാൽക്കം ടേൺബുൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിനു പകരം താൽക്കാലിക വിസകൾ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയിൽ ഐടി, ആരോഗ്യ മേഖലകളിലെ പല ജോലികൾക്കും ഇനിമുതൽ വിദേശികൾക്ക് സ്പോൺസേഡ് വിസ ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
രണ്ടു വർഷത്തേക്കും നാല് വർഷത്തേക്കുമുള്ള രണ്ടു പുതിയ വിസകളാണ് പ്രാബല്യത്തിൽ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നത്. അതേസമയം ഇത്രയും കാലം 457 വിസ ലഭിക്കുമായിരുന്ന 216 തൊഴിൽമേഖലകളെ ഈ പുതിയ വിസകൾക്കുള്ള പട്ടികയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഇതില് ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഐടി, ആരോഗ്യ മേഖലയിലെ തൊഴിലുകളും ഉൾപ്പെടുന്നുണ്ട്.
ഐ സി ടി സപ്പോർട്ട് ആൻഡ് ടെസ്റ്റ് എഞ്ചിനീയർ, വെബ് ഡെവലപ്പർ, ഐ സി ടി സപ്പോർട്ട് ടെക്‌നിഷ്യൻസ്, ഇലക്ട്രോണിക് എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ തുടങ്ങിയ ജോലികളാണ് ഐടി മേഖലയിൽ നിന്നും ഇനി വിദേശികൾക്ക് അപ്രാപ്യമാകുക. ആരോഗ്യ മേഖലയിൽ നിന്ന് നഴ്സ് റിസർച്ചർ, ഓപ്പറേറ്റിംഗ് തിയേറ്റർ ടെക്‌നിഷ്യൻ, മദർക്രാഫ്റ്റ് നഴ്സ്, പാതോളജി കളക്ടർ തുടങ്ങിയ തൊഴിലുകളും വിദേശികൾക്ക് കിട്ടാതെയാകും.
ഇതോടെ 457 വിസ ഗണത്തിൽ ഉൾപ്പെട്ടിരുന്ന 651 തൊഴിലുകൾ 435 ആയി കുറയും. ഇതിൽ തന്നെ 59 മറ്റു തൊഴിലുകൾക്ക് അപേക്ഷിക്കാൻ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . ഒഴിവാക്കിയ 216 തൊഴിൽ മേഖലകൾ ഏതൊക്കെയെന്നു ഇവിടെ (https://goo.gl/Ub1I5l) അറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.