Currency

ഓസ്‌ട്രേലിയയില്‍ ക്രിമിനല്‍ കുറ്റത്തിലേര്‍പ്പെടുന്നവരെ നാടുകടത്തും; പുതിയ ബില്‍ അവതരിപ്പിച്ചു

സ്വന്തം ലേഖകന്‍Tuesday, August 6, 2019 3:07 pm

ഓസ്‌ട്രേലിയ: രാജ്യത്ത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റത്തിലേര്‍പ്പെട്ടവരെ നാടുകടത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്‍ മോറിസണ്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ബില്‍ പ്രകാരം കുറ്റവാളികളെ നാടുകടത്തണമെങ്കില്‍ ഇവര്‍ തടവ് ശിക്ഷ നേരിടണമെന്ന് നിര്‍ബന്ധമില്ല. മറിച്ച് കുറഞ്ഞത് രണ്ട് വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മതി. ഓസ്‌ട്രേലിയന്‍ പൗരത്വമില്ലാതെ പെര്‍മനന്റ് വിസയിലും താത്കാലിക വിസയിലും രാജ്യത്ത് തങ്ങുന്നവര്‍ക്കാണ് ഇത് ബാധകമാകുന്നത്.

ഇതോടെ ഇവരുടെ വിസ റദ്ദാക്കുകയും ഇവരെ നാടുകടത്തുകയും ചെയ്യും. മാത്രമല്ല സ്വഭാവ പരിശോധനയില്‍ പരാജയപ്പെടുന്ന താത്കാലിക വിസയിലുള്ളവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി നിഷേധിക്കുകയും ചെയ്യുന്നതാണ് ബില്ലിലെ വ്യവസ്ഥ.

നിലവിലെ നിയമപ്രകാരം വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും കുറഞ്ഞത് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നേരിടുകയും ചെയ്യുന്നവരുടെ വിസയാണ് റദ്ദാക്കി നാടുകടത്തുന്നത്. എന്നാല്‍ പുതിയ ബില്‍ അനുസരിച്ച് ജയില്‍ ശിക്ഷ നേരിടാത്തവരും സ്വഭാവ പരിശോധനയില്‍ പരാജയപ്പെടും.

നിലവിലെ നിയമത്തെ കൂടുതല്‍ ബലപ്പെടുത്തുന്ന ബില്‍ കഴിഞ്ഞ മാസം കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോള്‍മാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് സെനറ്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ പകുതിയോടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ ബില്ലിന് വീണ്ടും ബലം നല്‍കിക്കൊണ്ടുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍പോട്ട് വച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ഈ പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാല്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കുടിയേറ്റ നിയമത്തില്‍ വലിയൊരു മാറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x