
റിയാദ്: സൗദിയില്‍ വേതനസുരക്ഷ നിയമത്തിന്റെ പതിനൊന്നാം ഘട്ടം ആഗസ്ത് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന വേതനസുരക്ഷ നിയമം 60 മുതല്‍ 79 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് ബാധകമാവുക.
7,021 സ്ഥാപനങ്ങളിലുള്ള 4,81,097 തൊഴിലാളികള്‍ക്ക് പുതിയ ഘട്ടത്തില്‍ വേതന സുരക്ഷാ നിയമത്തിന്റെ പരിരക്ഷ ലഭിക്കും. ഘട്ടങ്ങളിലായി നടപ്പാക്കിയ നിയമത്തിലൂടെ 80ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ നേരത്തെ നിയമപരിധിയില്‍ വന്നിരുന്നു. അടുത്ത ഘട്ടത്തില്‍ ചെറുകിട സ്ഥാപനങ്ങളിലും നിയമം നടപ്പാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
തൊഴിലാളികളുടെ വേതന, സേവന വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നിയമത്തിലെ ഏറ്റവും പ്രധാന തീരുമാനം. തൊഴില്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും പരാതികള്‍ ഇല്ലാതാക്കാനും ഒരു പരിധിവരെ നിയമം സഹായകമാവുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ താമസം കൂടാതെ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, ശമ്പളം നിശ്ചയിക്കുക, സേവന, വേതന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുക തുടങ്ങിയ നടപടികളാണ് വേതനസുരക്ഷ നിയമത്തിന്റെ ഭാഗമായി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.