Currency

തെറ്റായ വാര്‍ത്ത നല്‍കിയാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ

സ്വന്തം ലേഖകന്‍Wednesday, May 2, 2018 11:56 am

ദുബായ്: തെറ്റായ വാര്‍ത്ത നല്‍കിയാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ. പത്ത് ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ. യു.എ.ഇ ടെലികമ്യൂണിക്കേഷന്‍ ആന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആളുകളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെയും കടുത്ത നടപടി ഉണ്ടാകും.

സമൂഹമാധ്യമത്തില്‍ കാണുന്ന വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെടാതെ പ്രചരിപ്പിക്കരുത്. നിജ സ്ഥിതി ബോധ്യപ്പെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാമെന്നും ട്രാ അറിയിച്ചിട്ടുണ്ട്. ഇ മെയില്‍, എസ്.എം.എസ്, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെയോ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മറ്റ് ഏതെങ്കിലും മാര്‍ഗത്തിലൂടെയോ വ്യാജ പ്രചാരണം നടത്താന്‍ പാടില്ല.

അതേസമയം എന്ത് തരം വിവരമാണ് പ്രചരിപ്പിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷയുടെ കാഠിന്യം നിശ്ചയിക്കുക. വിവരം ശരിയാണെങ്കില്‍ തന്നെ ആരുടെയെകിലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അതിലുണ്ടെങ്കില്‍ നടപടി ഉറപ്പാണെന്നും ട്രാ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x