Currency

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സ്‌കൂളുകള്‍ കുട്ടികളില്‍ നിന്ന് പണം ഈടാക്കുന്നു; നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകന്‍Friday, October 13, 2017 5:10 pm

 

ഷാര്‍ജ: സ്‌കൂളിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കുട്ടികളില്‍ നിന്ന് പണം വാങ്ങുന്നതായുള്ള പരാതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ്. ക്ലാസ് വര്‍ക്ക് ഷീറ്റുകളും പഠനസംബന്ധിയായ കാര്യങ്ങളും കുട്ടികള്‍ക്കു വെബ് സൈറ്റില്‍ നിന്നാണു ലഭിക്കുന്നത്. കൂടാതെ സ്‌കൂള്‍ അറിയിപ്പുകളും മറ്റു പഠനകാര്യങ്ങളും കുട്ടികളെ അറിയിക്കുന്നതും വെബ് സൈറ്റ് മുഖേനയാണ്. ഇതില്‍ പങ്കാളികളാകാന്‍ കുട്ടികള്‍ക്കു രഹസ്യനമ്പരുകള്‍ നല്‍കും.

ഈ ഓണ്‍ലൈന്‍ സേവനത്തിന് ഒരു കുട്ടിക്കു നൂറു ദിര്‍ഹം വീതം അധികം നല്‍കണമെന്നാണ് എമിറേറ്റിലെ ഒരു സ്‌കൂള്‍ ആവശ്യപ്പെട്ടത്. ഓരോ വര്‍ഷവും സേവനം ലഭിക്കണമെങ്കില്‍ ഈ തുക അടയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെയാണു രക്ഷിതാക്കള്‍ അധികൃതരെ സമീപിച്ചത്. പല കാരണങ്ങള്‍ പറഞ്ഞ് അധികപണം ഈടാക്കുന്ന രീതി സ്‌കൂളുകള്‍ക്കുണ്ടെന്നും രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു.

വിവിധ പേരുകളില്‍ രക്ഷിതാക്കളില്‍നിന്നു പണം ഈടാക്കുന്ന സകൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്‌കൂളുകള്‍ക്കു താക്കീതു നല്‍കി. കുറുക്കുവഴികളിലൂടെ അധികനിരക്ക് ഈടാക്കുന്നതു നിയമലംഘനമാണ്. ഏതെങ്കിലും രക്ഷിതാക്കള്‍ക്കു സ്‌കൂളുകള്‍ അനധികൃതമായി പണം ഈടാക്കുന്നതായി വ്യക്തമായാല്‍ രേഖാമൂലം പരാതി നല്‍കണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

യാത്ര, സംഭാവന തുടങ്ങിയപേരില്‍ രക്ഷിതാക്കളില്‍ നിന്നു പണം വാങ്ങാന്‍ എമിറേറ്റിലെ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്നു പണം സ്വരൂപിച്ചാല്‍ സ്‌കൂളുകള്‍ നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x