Currency

ദുബായ് അതിശൈത്യത്തിലേക്ക്

സ്വന്തം ലേഖകന്‍Friday, January 13, 2017 1:25 pm

ദുബായ്: യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡ് ഗതാഗതവും വിമാനസര്‍വീസും താളം തെറ്റി. നാളെയും മറ്റന്നാളും മൂടല്‍മഞ്ഞ് രൂക്ഷമായി തുടരും. അന്തരീക്ഷ താപനില പത്ത് ഡിഗ്രി സെന്റിഗ്രേഡിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. 114 വാഹനാപകടങ്ങളാണ് രാവിലെ ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ദുബായ് പൊലീസ് രേഖപ്പെടുത്തിയത്. യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള നൂറിലേറെ വിമാനങ്ങള്‍ വൈകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി സര്‍വീസുകള്‍ റദ്ദാക്കി.

ശക്തമായ മൂടല്‍ മഞ്ഞ് വെള്ളി, ശനി ദിവസങ്ങളിലും തുടരും. അന്തരീക്ഷ താപനില 10 സെന്റിഗ്രേഡിലേക്ക് താഴുന്നതോടെ ശൈത്യവും ശക്തമാകും. ചിലയിടങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവരും കനത്ത ജാഗ്രത പാലിക്കാനാണ് കാലവസ്ഥാ നീരീക്ഷണകേന്ദ്രവും പൊലീസും നല്‍കുന്ന മുന്നറിയിപ്പ്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദുബായില്‍ മൂടല്‍മഞ്ഞ് നീങ്ങി കൊടും തണുപ്പെത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ കാലാവസ്ഥാനിരീക്ഷണ ആപ്ലിക്കേഷനായ നജ്മു സുഹൈല്‍ പ്രവചിച്ചു. ഇതേ തുടര്‍ന്ന് തണുത്ത കാറ്റ് വീശുകയും പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ദുബായില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതോടെ തണുപ്പ് കനക്കും. ശരാശരി കൂടിയ ചൂട് 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ ചൂട് 14 ഡിഗ്രിയുമായിരിക്കും. എന്നാല്‍, ചിലയിടങ്ങളില്‍ 10 ഡിഗ്രിവരെ താഴാനിടയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x