
റാസല്‍ഖൈമ: ദുബായ്ക്ക് പിന്നാലെ റാസല്‍ഖൈമയിലും ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നു. ശരീരഭാരം കുറക്കുകയാണ് ഫിറ്റ്നസ് ചലഞ്ചിലൂടെ ചെയ്യേണ്ടത്. ശരീരഭാരം കുറക്കുന്നവര്‍ക്ക് വന്‍ സമ്മാന പദ്ധതിയാണ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. കുറയ്ക്കുന്ന ഓരോ കിലോഗ്രാം തൂക്കത്തിനും 500 ദിര്‍ഹം വീതമാണ് സമ്മാനം ലഭിക്കുക. ഏറ്റവും കൂടുതല്‍ ഭാരം കുറക്കുന്ന വ്യക്തിയെ ആകര്‍ഷകമായ സമ്മാനങ്ങള്‍ കാത്തിരിക്കുന്നുണ്ട്.
ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 28 വരെ പത്താഴ്ച നീളുന്ന ഫിറ്റനസ് ചലഞ്ചില്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ റാസല്‍ഖൈമ നിവാസികള്‍ക്കും പങ്കെടുക്കാം. പരിപാടിയില്‍ പങ്കുചേരാന്‍ താത്പര്യമുള്ളവര്‍ റാക്ക് ഹോസ്പിറ്റലില്‍ ഫെബ്രുവരി പതിനേഴിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പങ്കെടുക്കുന്ന വ്യക്തിയുടെ ഭാരവും പൊക്കവും ബോഡി മാസ് ഇന്‍ഡക്സും രക്തസമ്മര്‍ദവും രേഖപ്പെടുത്തും. റാസ് അല്‍ ഖൈമ നിവാസികള്‍ക്കായി ആരോഗ്യ പ്രതിരോധ മന്ത്രാലയവും റാക്ക് ഹോസ്പിറ്റലും ചേര്‍ന്നാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
അതേസമയം ശസ്ത്രക്രിയ വഴി ഭാരം കുറയ്ക്കുന്നത്് അംഗീകരിക്കില്ല. യുഎഇയില്‍ പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ 70 ശതമാനം പുരുഷന്മാരും അറുപത്തിയേഴു ശതമാനം സ്ത്രീകളും അമിതവണ്ണം ഉള്ളവരാണ് എന്നാണ് കണ്ടെത്തല്‍. ആരോഗ്യപ്രദമായ ജീവിതശൈലി കൊണ്ടുവരികയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിലെ ഹെല്‍ത്ത് എജ്യൂകേഷന്‍ മേധാവി ഫാതിമ സായിദ് അല്‍ ഷെഹി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.