Currency

ലിറ്ററിന് ഒരു ഡോളര്‍ വിലയുള്ള പാല്‍ വില്‍പ്പന വൂള്‍വര്‍ത്ത്സ് നിര്‍ത്തലാക്കി

സ്വന്തം ലേഖകന്‍Monday, February 18, 2019 12:15 pm

ഓസ്‌ട്രേലിയ: ലിറ്ററിന് ഒരു ഡോളര്‍ വിലയില്‍ പാല്‍ വില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്സ് തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ വൂള്‍വര്‍ത് സ്റ്റോറുകളില്‍ പാല്‍ വില 10% കൂടും. കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതിനെതിരെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ വൂള്‍വര്‍ത്ത്സിനും കോള്‍സിനുമെതിരെ ഏറെ നാളായി പ്രതിഷേധമുയരുന്നുണ്ട്. ഓസ്ട്രേലിയന്‍ പാലുല്‍പാദന മേഖലയെയും കര്‍ഷകരെയും ഈ വ്യാപാരഭീമന്‍മാരുടെ നടപടി ബാധിക്കുന്നു എന്നാണ് വിമര്‍ശനം.

ഇതിനൊടുവിലാണ് പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ വൂള്‍വര്‍ത്ത്സ് തീരുമാനിച്ചത്. വൂള്‍വര്‍ത്തിന്റെ ഹോം ബ്രാന്റ് പാലിന് പത്തു ശതമാനം വിലയാണ് കൂട്ടുന്നത്. രണ്ടു ലിറ്റര്‍ ബോട്ടിലിന് 2.20 ഡോളറും, മൂന്നു ലിറ്റര്‍ ബോട്ടിലിന് 3.30 ഡോളറുമായിരിക്കും ചൊവ്വാഴ്ച മുതല്‍ വില.

അധികമായി ലഭിക്കുന്ന വരുമാനം വൂള്‍വര്‍ത്ത്സിന് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചു. 450 ഓസ്ട്രേലിയന്‍ കര്‍ഷകരാണ് വൂള്‍വര്‍ത്ത്സിനുവേണ്ടി പാലുല്‍പാദിപ്പിക്കുന്നത്. 2011ലായിരുന്നു വൂള്‍വര്‍ത്തും കോള്‍സും ലിറ്ററിന് ഒരു ഡോളര്‍ നിരക്കില്‍ പാല്‍ വിറ്റു തുടങ്ങിയത്. പരസ്പരമുള്ള മത്സരത്തിന്റെ ഫലമായിട്ടായിരുന്നു ഈ വില കുറയ്ക്കല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x