
ദുബായ്: ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സുഗമ രാജ്യങ്ങളുടെ വാര്‍ഷിക പട്ടികയില്‍ യു.എ.ഇക്ക് വന്‍ മുന്നേറ്റം. 10 റാങ്കുകള്‍ മുന്നേറി യു.എ.ഇ പതിനൊന്നാം സ്ഥാനത്തെത്തി. രാജ്യം സാമ്പത്തികമായി മുന്നേറിയതായി വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. യു.എ.ഇയും മലേഷ്യയുമാണ് ഏറ്റവും മികച്ച 20 രാജ്യങ്ങളില്‍ പുതുതായി ഉള്‍പ്പെട്ടത്.
കഴിഞ്ഞ വര്‍ഷം നാല് പ്രധാന പരിഷ്‌കാരങ്ങളാണ് യു.എ.ഇ നടപ്പാക്കിയത്. ബിസിനസ് ആരംഭിക്കല്‍, വൈദ്യുതി ലഭ്യമാക്കല്‍, റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍, വായ്പ എന്നിവക്കുള്ള നടപടികളാണ് യു.എ.ഇ സുഗമമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മിന മേഖലയില്‍നിന്ന് ആദ്യമായാണ് ഒരു രാജ്യം മികച്ച 20 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. സ്വീഡന്‍, കാനഡ, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയാണ് യു.എ.ഇ പിന്നിലാക്കിയത്. 150 കിലോവോള്‍ട്ട് ആമ്പിയര്‍ വരെയുള്ള വാണിജ്യവ്യവസായ വൈദ്യുതി കണക്ഷന് എല്ലാ വിധ ചെലവുകളും ഒഴിവാക്കി നടപടികള്‍ വളരെ സുതാര്യമാക്കിയതായി വേള്‍ഡ് ബാക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
വൈദ്യുതി ലഭ്യത, നികുതിയടവ്, നിര്‍മാണ പെര്‍മിറ്റ് കൈകാര്യം ചെയ്യല്‍, കരാര്‍ നടപ്പാക്കല്‍, ന്യൂനപക്ഷ താല്‍പര്യ സംരക്ഷണം, വായ്പ ലഭ്യത തുടങ്ങി പത്ത് കാര്യങ്ങളിലെ സ്‌കോര്‍ കണക്കാക്കി മൊത്തം 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് തയാറാക്കിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡാണ്. സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തും ഡെന്മാര്‍ക്ക് മൂന്നാം സ്ഥാനത്തമെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.