Currency

19 ഒൗദ്യോഗിക വ്യോമയാന റെക്കോര്‍ഡുകൾ സ്വന്തമാക്കിയ സോളാര്‍ ഇംപള്‍സ് -2 ന് അബുദാബിയില്‍ ആവേശപൂര്‍വമായ സ്വീകരണം

Tuesday, July 26, 2016 8:38 pm

അബുദാബി: നാല് വന്‍കരകളിലെ ഒമ്പത് രാജ്യങ്ങളിലൂടെ സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറന്ന് ചരിത്രം സൃഷ്ടിച്ച സോളാര്‍ ഇംപള്‍സ് -2 നു അബുദാബിയില്‍ ആവേശപൂര്‍വമായ സ്വീകരണം. ചൊവ്വാഴ്ച രാവിലെ അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ സോളാര്‍ ഇംപള്‍സ് -2 നെ വരവേൽക്കാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. യാത്രയുടെ അവസാന ഘട്ടത്തിൽ ഞായറാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 3.29ന് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. കെയ്‌റോയില്‍ നിന്ന് രണ്ട് ദിവസവും 37 മിനിറ്റും സഞ്ചരിച്ചാണ് അബുദാബിയിൽ എത്തിയത്. 17 ഘട്ട യാത്രകളിലായി 504 മണിക്കൂറെടുത്തു 42000 കിലോമീറ്ററാണ് സൗരോർജ വിമാനം പറന്നത്.

‘ഭാവി പൂര്‍ണമാണ്. നിങ്ങളാണ് ഇനി ഭാവി. ഞങ്ങള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യഫലം നിങ്ങള്‍ വ്യാപകമാക്കുക’ -ചരിത്രദൗത്യത്തിന് ശേഷം വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ പൈലറ്റ്ബെര്‍ട്രാന്‍ഡ് പികാര്‍ഡ് പ്രഖ്യാപിച്ചു. സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ചെയര്‍മാനാണ് പികാര്‍ഡ്. സഹ പൈലറ്റും പദ്ധതിയുടെ സിഇഒ യുമായ ആന്‍ഡ്രേ ബോര്‍ഷെന്‍ബെര്‍ഗിനെ ആശ്ളേഷിച്ച് പികാര്‍ഡ് ആഹ്ളാദം പങ്കുവയ്ക്കുകയും ചെയ്തു. പുനരുപയോഗ ഊര്‍ജരംഗത്ത് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന എമിറേറ്റിലെ മസ്ദര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് സോളാര്‍ ഇംപള്‍സിൽ സൗരോര്‍ജ സംഭരണ സംവിധാനങ്ങളൊരുക്കിയത്. 17,248 ഫോട്ടോവോള്‍ടെയ്ക് സെല്ലുകളാണ് സൗരോര്‍ജം ശേഖരിക്കാന്‍ വിമാനത്തില്‍ സജ്ജീകരിച്ചിരുന്നത്.

2015 മാര്‍ച്ച് ഒമ്പതിന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഇംപള്‍സ് -2 സഞ്ചരിച്ചതു. സൗരോര്‍ജം മാത്രം ഉപയോഗിച്ച് 24 മണിക്കൂറും പറന്ന ലോകത്തിലെ ആദ്യ വിമാനം എന്ന റെക്കോര്‍ഡ് സോളാര്‍ ഇംപള്‍സ് -2 സ്വന്തമാക്കിയാണ് തിരിച്ചത്തെിയത്. 117 മണിക്കൂര്‍ 52 മിനിറ്റ് കൊണ്ട് ജപ്പാനിലെ നഗോയയില്‍ നിന്ന് അമേരിക്കയിലെ ഹവായിയിലേക്കുള്ള 8,924 കിലോമീറ്ററാണ് ഇംപള്‍സ് -2 തുടര്‍ച്ചയായി പറന്ന ഏറ്റവും കൂടിയ ദൂരം. 19 ഒൗദ്യോഗിക വ്യോമയാന റെക്കോര്‍ഡുകൾ സ്വന്തമാക്കിയാണ് സോളാര്‍ ഇംപള്‍സ്- 2 പര്യടനം പൂർത്തിയാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x