Currency

അധ്യാപകനെ തല്ലിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും: പുതിയ നിയമം വരുന്നു

സ്വന്തം ലേഖകന്‍Saturday, January 27, 2018 6:56 pm

ജിദ്ദ: സൗദിയില്‍ അധ്യാപകര്‍ക്കും വിദ്യാലയങ്ങളിലെ മറ്റ് ജീവനക്കാര്‍ക്കും സുരക്ഷ ശക്തമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നു. വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ അക്രമസംഭവം കൂടിവരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. അധ്യാപകരെയും സ്റ്റാഫിനെയും ശാരീരികമായി ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ 10 വര്‍ഷം തടവിന് ശിക്ഷിക്കാനും ഇവരില്‍ നിന്ന് 10 ലക്ഷം റിയാല്‍ പിഴ ഈടാക്കാനുമാണ് മന്ത്രാലയം ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അഹ്മദ് അല്‍ ഇസ്സ പറഞ്ഞു.

സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വിദ്യാലയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യവും പരിഗണിച്ചുവരികയാണ്. ഇതിനുപുറമെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. അതേസമയം ഇത്തരം നിയമങ്ങള്‍ താഴേത്തട്ട് മുതല്‍ സര്‍വകലാശാല വരെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരുടെയും ജീവനക്കാരുടെയും പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും അച്ചടക്കം കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും തയ്യാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x