Currency

സൗദിയില്‍ മൂന്നാംഘട്ട വനിതാവല്‍ക്കരണം ഒക്ടോബര്‍ 21 മുതല്‍

സ്വന്തം ലേഖകന്‍Sunday, August 27, 2017 10:20 am

ലേഡീസ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന മാളുകളിലെയും തുറസായ വാണിജ്യ കേന്ദ്രങ്ങളിലെയും ലേഡീസ് ഷോപ്പുകളും ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലുമുള്ള മൂന്നാംഘട്ട വനിതാവല്‍ക്കരണമാണ് നടപ്പിലാക്കുന്നത്.

റിയാദ്: സൗദിയില്‍ മൂന്നാംഘട്ട വനിതാവല്‍ക്കരണം ഒക്ടോബര്‍ 21 മുതല്‍ നിലവില്‍ വരും. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലേഡീസ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന മാളുകളിലെയും തുറസായ വാണിജ്യ കേന്ദ്രങ്ങളിലെയും ലേഡീസ് ഷോപ്പുകളും ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലുമുള്ള മൂന്നാംഘട്ട വനിതാവല്‍ക്കരണമാണ് നടപ്പിലാക്കുന്നത്.

നേരത്തെ 2016 ഒക്ടോബര്‍ രണ്ടു മുതല്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന പദ്ധതി വനിതകള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യം ഒരുക്കാന്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ സാവകാശം ലഭ്യമാക്കുന്നതിനായി നീട്ടിവെക്കുകയായിരുന്നു. ലേഡീസ് അത്തറുകള്‍, പാദരക്ഷകള്‍, വാനിറ്റി ബാഗുകള്‍, സോക്സുകള്‍, ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളും ലേഡീസ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളും വ്യത്യസ്ത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ലേഡീസ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന വിഭാഗങ്ങളും മൂന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന വനിതാവല്‍ക്കരണത്തിന്റെ പരിധിയില്‍ വരും.

വിവാഹ വസ്ത്രങ്ങള്‍, പര്‍ദകള്‍, മാക്സികള്‍, ലേഡീസ് ആക്സസറീസ്, മാതൃപരിചരണ ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന, ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന ചെറിയ കടകള്‍ക്കും മാളുകളിലെ ഫാര്‍മസികളില്‍ ലേഡീസ് ആക്സസറീസും കോസ്മെറ്റിക്സും വില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും വനിതാവല്‍ക്കരണം നിര്‍ബന്ധമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x