Currency

ലോക പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍Saturday, January 7, 2017 2:37 pm

ന്യൂഡല്‍ഹി: ലോക പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം. സ്ത്രീകളുടേതും സ്ത്രീകളെക്കുറിച്ചുള്ളതുമായ എഴുത്തുകള്‍ പ്രമേയമാക്കി പ്രഗതിമൈതാനില്‍ നടക്കുന്ന മേള 15ന് സമാപിക്കും. ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനുമായി (ഐ.ടി.പി.ഒ.) സഹകരിച്ച് നാഷണല്‍ ബുക് ട്രസ്റ്റാണ് (എന്‍.ബി.ടി.) പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് മേള.

പ്രഗതിമൈതാനിലെ ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, പത്ത് നമ്പര്‍ ഗേറ്റുകളില്‍ ടിക്കറ്റ് ലഭ്യമാകും. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമാണ്. അമ്പത് മെട്രോ സ്റ്റേഷനുകളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് എന്‍.ബി.ടി. ചെയര്‍മാന്‍ ബല്‍ദേവ് ഭായ് ശര്‍മ പറഞ്ഞു. നോട്ട് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ എ.ടി.എം. സൗകര്യങ്ങള്‍ പ്രഗതിമൈതാനില്‍ ലഭ്യമാക്കും. സഞ്ചരിക്കുന്ന എ.ടി.എമ്മുകളുമുണ്ടാകും. കൂടാതെ സ്റ്റാളുകളില്‍ സൈ്വപിങ് മെഷീനുകള്‍ സ്ഥാപിച്ച് പണരഹിത ഇടപാടുകള്‍ സുഗമമാക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും എന്‍.ബി.ടി. അറിയിച്ചു.

എന്‍.ബി.ടി.യുടെ അറുപതാംവാര്‍ഷികം പ്രമാണിച്ച് ദിസ് ഈസ് നോ ലുക്കിങ് ബാക്ക് എന്ന പ്രത്യേക പ്രദര്‍ശനവും മേളയിലുണ്ടാകും. കൂടുതല്‍ വില്‍പ്പനയുള്ള പുസ്തകങ്ങളുടെ (എല്ലാ ഭാഷയിലുമുള്ള) പ്രത്യേക പ്രദര്‍ശനമുണ്ടാകും. മൂന്ന് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റ പുസ്തകങ്ങളാണ് ഇതിലുള്‍പ്പെടുത്തുക. കുട്ടികളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഹാള്‍ നമ്പര്‍ 14ല്‍ പ്രത്യേക പവലിയന്‍ തയ്യാറാക്കും. കുട്ടികള്‍ക്കായി സെമിനാറുകള്‍, ചര്‍ച്ചകള്‍, കഥപറയല്‍, ശില്‍പശാലകള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. എഴുത്തുകാര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടികള്‍, ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ തുടങ്ങിയവും മേളയിലുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x