Currency

രാജ്യാന്തര പട്ടംപറത്തല്‍ മഹോത്സവത്തിന് തുടക്കമായി

സ്വന്തം ലേഖകന്‍Sunday, January 15, 2017 9:30 am

ന്യൂഡല്‍ഹി: പട്ടംപറത്തല്‍ മഹോത്സവത്തിന് ഇനിയുള്ള മൂന്നുദിവസം നഗരം സാക്ഷിയാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന രാജ്യാന്തര പട്ടംപറത്തല്‍ മഹോത്സവം ശനിയാഴ്ച ആരംഭിച്ചു. 2015ല്‍ നടന്ന പട്ടംപറത്തല്‍ മഹോത്സവത്തില്‍ പരമ്പരാഗതപട്ടം വിഭാഗത്തില്‍ സമ്മാനര്‍ഹരായ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള വണ്‍ ഇന്ത്യ കൈറ്റ് ടീം ഇത്തവണയും മാറ്റുരയ്ക്കാനെത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 110 അടി നീളമുള്ള കഥകളിരൂപത്തിലുള്ള പട്ടംപറത്തി വിസ്മയം തീര്‍ത്ത കോഴിക്കോട്ടുനിന്നുള്ള സംഘം ഇത്തവണ രണ്ട് വ്യത്യസ്തപട്ടങ്ങളാണ് വാനില്‍ പറത്തുക.

നാല്പത്തിയഞ്ച് അടി വ്യാസമുള്ള സര്‍ക്കിള്‍ കൈറ്റാണ് ഇവയിലൊന്ന്. പന്ത്രണ്ടര കിലോഗ്രാമുള്ള ഇറ്റാലിയന്‍ പരമ്പരാഗതരീതിയിലുള്ള കൈറ്റ് വാനിലുയരുമ്പോള്‍ 1500 കിലോയുടെ വായുസമ്മര്‍ദമുണ്ടാകുന്നതിനാല്‍ നിയന്ത്രിക്കാന്‍ പത്തുപേരുടെ സഹായം വേണ്ടിവരും. 300 എയര്‍ഹോളുകളുള്ള പട്ടത്തിന് ഉപയോഗിച്ചിരിക്കുന്നത് പാരച്യൂട്ട് നിര്‍മിക്കുന്ന സിന്തറ്റിക് തുണിയാണ്. മൂന്നുലക്ഷമാണ് മുതല്‍മുടക്ക്.

താറാവിന്റെ രൂപത്തിലുള്ളതാണ് ഇവരുടെ മറ്റൊരു വിസ്മയം. 20 അടി നീളത്തിലുള്ള ഈ പട്ടത്തിന് ഒരു ലക്ഷം രൂപയാണ് ചെലവ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ സര്‍ക്കിള്‍ കൈറ്റിന് ജനകീയ പട്ടത്തിനുള്ള അവാര്‍ഡ് വണ്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. ചൈനയിലെ വൈഫാങ്ങില്‍ നടക്കുന്ന ലോക പട്ടം പറത്തല്‍ മത്സരത്തില്‍ 2013 മുതല്‍ 2015 വരെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡും ഇവര്‍ക്കാണ് ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x