ഓസ്ട്രിയയ്ക്ക് പിന്തുണയുമായി 11 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
വിയന്ന: വിദേശത്തു നിന്നു വരുന്ന വാഹനങ്ങൾ ജർമനിയിലെ ഹൈവേകളിൽ ടോൾ നൽകണമെന്ന നിയമത്തിനെതിരേ ഓസ്ട്രിയ നിയമനടപടി കൈക്കൊള്ളുന്നു. ജർമ്മനിയുടെ തീരുമാനത്തിനെതിരെ യൂറോപ്യൻ കോടതിയെ സമീപിക്കുമെന്ന് ഓസ്ട്രിയ വ്യക്തമാക്കി. ഓസ്ട്രിയയ്ക്ക് പിന്തുണയുമായി 11 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഹൈവേ ടോള്‍ വിവേചനപരമാണെന്നാണ് ജർമ്മനിയുടെ അയൽ രാജ്യങ്ങളുടെ വാദം. ഈ വാദത്തെ കോടതിയിൽ എതിർക്കുന്നതിന്റെ ഭാഗമായി ജർമ്മൻ സ്വദേശികൾക്കും ടോൾ ഏർപ്പെടുത്താൻ ജർമ്മനി തീരുമാനിച്ചിരുന്നു. എന്നാൽ സ്വദേശികളിൽ നിന്നും പിരിച്ചെടുക്കുന്ന ടോൾ തുക വാഹന നികുതിയില്‍നിന്ന് ഇളവ് ചെയ്ത് കൊടുക്കുന്ന തന്ത്രമാണ് ജർമ്മനി കൈക്കൊണ്ടിരിക്കുന്നത്.
ഫലത്തിൽ ജർമ്മനിയുടെ അയൽ രാജ്യങ്ങളിലെ വാഹനയുടമകളെ മാത്രമാണ് ടോൾ ബാധിക്കുക. യൂറോപ്യന്‍ കമ്മിഷനും ജർമൻ സർക്കാരും തമ്മിൽ ടോൾ സംബന്ധിച്ചു ധാരണയായതിനു ശേഷമാണ് ഇങ്ങനെയൊരു നീക്കം ഓസ്ട്രിയ നടത്തുന്നത്. ഹ്രസ്വകാല ടോളുകൾ ഏർപ്പെടുത്തുകയും, പരിസ്ഥിതി സൗഹാർദ വാഹനങ്ങൾക്ക് ഇളവു നൽകുകയും ചെയ്താണ് ജർമ്മനി കമ്മീഷനെ തൃപ്തിപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.