ബര്‍ലിന്‍: യൂറോപ്പില്‍ മൂന്നാംഘട്ട കോവിഡിനു സാധ്യതയെന്നു വിദഗ്ധര്‍. വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതുവര്‍ഷം ജനുവരിയില്‍ തന്നെ രോഗ വ്യാപനം ആഞ്ഞടിച്ചേക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഒരുപക്ഷേ, നിയന്ത്രണ വിധേയമാക്കാന്‍ പോലും സാധിച്ചെന്നു വരില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ആദ്യത്തെ കൊറോണ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഡിസംബര്‍ 11 മുതല്‍ യുഎസില്‍ തുടങ്ങുന്നതിനു പിന്നാലെ ജര്‍മ്മനിയും വാക്‌സീനേഷന്‍ ആരംഭിച്ചേക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം യൂറോപ്പിലും ആരംഭിയ്ക്കാനുള്ള തയാറെടുപ്പിലാണ് യൂറോപ്യന്‍ യൂണിയന്‍. കൊറോണയ്‌ക്കെതിരെ അമേരിക്കന്‍ കമ്പനി തയാറാക്കിയ വാക്‌സീന് 25 നും 37 നും ഡോളറിനിടയില്‍ വില ഉണ്ടാവുമെന്ന് മോഡേണ കമ്പനി പറയുന്നു.
കോവിഡ് മഹാമാരിയെ നേരിടാന്‍ ആഗോള നടപടിയാണ് ആവശ്യമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. ലോകത്തെ ഏറ്റവും സമ്പന്നമായ ഇരുപതു രാജ്യങ്ങളുടെ സംഘടനയായ ജി20യുടെ വിര്‍ച്ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോവിഡിനെ നേരിടാന്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ജി20യും പോലുള്ള രാജ്യാന്തര സംഘടനളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കേണ്ടത്. ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കാന്‍ കൂടുതല്‍ പണം വകയിരുത്തുന്നതില്‍ ലോക നേതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.