Currency

ഒബാമ മിഷേല്‍ ദമ്പതികളുടെ വൈറ്റ്ഹൗസ് ദിനങ്ങള്‍ പുസ്തകരൂപത്തിലേക്ക്

സ്വന്തം ലേഖകന്‍Thursday, March 2, 2017 12:04 pm

വാഷിങ്ടണ്‍: ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും വൈറ്റ്ഹൗസ് ദിനങ്ങള്‍ പുസ്തകരൂപത്തിലേക്ക്. അമേരിക്കയുടെ മനം കവര്‍ന്ന പ്രസിഡന്റും പ്രഥമ വനിതയും എട്ട് വര്‍ഷം നീണ്ട വൈറ്റ്ഹൗസ് ജീവിതം ലോകവുമായി പങ്കുവയ്ക്കുന്നതാണ് പുസ്തകം. ഒബാമയുടെയും മിഷേലിന്റെയും ഓര്‍മ്മകള്‍ വ്യത്യസ്ത പുസ്തകങ്ങളായാണ് പുറത്തിറങ്ങുക. ആറ് കോടിയിലേറെ രൂപയ്ക്കാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് നേടിയെടുത്തതെന്നാണ് സൂചന.

അതേസമയം പ്രതിഫലത്തുകയുടെ വലിയയൊരു ഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കാനാണ് ഒബാമ ദമ്പതികളുടെ തീരുമാനം. വാക്കുകളും നേതൃപാടവവും കൊണ്ട് ഒബാമയും മിഷേലും ലോകത്തെ മാറ്റിമറിച്ചു, ഞങ്ങള്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകം വഴി എല്ലാ ദിവസവും അത്തരം മാറ്റങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം ലഭിച്ച പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വ്യക്തമാക്കി.

വൈറ്റ്ഹൗസ് ജീവിതത്തിലെ പുറത്തറിയാത്ത ഏടുകള്‍ പുസ്തകത്തിലുണ്ടാകുമെന്ന് ഒബാമ പറയാതെ പറയുന്നു. ബിന്‍ലാദന്‍ വധം, ക്യൂബയുമായുളള കൈകോര്‍ക്കല്‍ തുടങ്ങി നിരവധി സംഭവങ്ങള്‍ക്ക് ഒബാമ ഭരണകൂടം സാക്ഷ്യം വഹിച്ചിട്ടുള്ളതിനാല്‍ പ്രത്യേകിച്ചും പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുമെന്നാണ് പ്രതീക്ഷ. പുസ്തകം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x