Currency

ഫോൺകോൾ തട്ടിപ്പുകൾ വ്യാപകം; മുന്നറിയിപ്പുമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ

സ്വന്തം ലേഖകൻMonday, March 27, 2017 11:34 am

സംഭവം യുകെ ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു

ലണ്ടൻ: ബ്രിട്ടണിൽ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമാക്കി തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകമാകുന്നു. ഇത്തരത്തിൽ ചിലർക്ക് പണം നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രാജ്യത്തെ ഇന്ത്യൻ വംശജർക്ക് ജാഗ്രതാനിർദേശം നൽകി.

യുകെ ആഭ്യന്തര മന്ത്രാലയം, ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്, യുകെ ബോർഡർ ഏജൻസി എന്നിവിടങ്ങളിൽ നിന്നുമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഫോൺ കോളുകൾ വരുന്നത്.

പാസ്പോർട്ട്, വിസ അപേക്ഷ, ഇമിഗ്രേഷൻ ഫോം എന്നിവയിൽ തെറ്റുണ്ടെന്നും അതിനാൽ നിശ്ചിതതുക അടക്കണമെന്നും അല്ലാത്തപക്ഷം ജയിലിലിടുകയോ നാടുകടത്തുകയോ ചെയ്യുമെന്ന് അറിയിക്കുന്ന തട്ടിപ്പുകാർ, നിശ്ചിതതുക അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

സംഭവം യുകെ ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ കോളൂകൾ ലഭിക്കുന്ന പക്ഷം സമീപത്തെ പോലീസ് സ്റ്റേഷനിലോ www.actionfraud.police.uk എന്ന വെബ്സൈറ്റ് മുഖാന്തരമോ വിവരം അധികൃതരെ അറിയിക്കണമെന്നും കമ്മീഷൻ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x