Currency

യുകെയില്‍ ഡീസൽ വാഹനങ്ങൾ മാറ്റി വാങ്ങാൻ സര്‍ക്കാർ ധനസഹായം നൽകുന്നു

സ്വന്തം ലേഖകൻTuesday, April 18, 2017 6:38 pm

ലണ്ടൻ : ഡീസൽ വാഹനങ്ങളെ യുകെയിലെ നിരത്തുകളിൽ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡീസൽ സ്‌ക്രാപേജ് പദ്ധതിയുമായി സർക്കാർ. നിലവിലുള്ള ഡീസൽ വാഹനങ്ങൾ മാറ്റി വാങ്ങുവാനായി ഡീസൽ ഡ്രൈവർമാർക്ക് 1000 പൗണ്ട് മുതൽ ധനസഹായം ലഭ്യമാക്കാനുള്ള പദ്ധതി തെരേസ മേയ് സർക്കാർ അടുത്തയാഴ്ച പ്രഖ്യാപിക്കും.

അതിനിടെ 68 ശതമാനം പേർ ഈ പദ്ധതിയെ അനുകൂലിക്കുന്നതായും 10 ശതമാനം എതിർക്കുന്നതായും മാധ്യമങ്ങൾ നടത്തിയ സർവ്വേകൾ പറയുന്നു. തുടക്കത്തിൽ ചില നഗരങ്ങളിലും പഴയ വാഹനങ്ങളിലും മാത്രമാണ് സ്‌ക്രാപേജ് സ്‌കീം നടപ്പിലാക്കുക. ഇവിടങ്ങളിലുള്ള അർഹരായ ഡ്രൈവർമാർക്ക് കാർ മാറ്റി വാങ്ങാനുള്ള ധനസഹായം നൽകുമെന്നാണ് റിപ്പോർട്ട്.

നഷ്ടപരിഹാരം ലഭിക്കുന്ന ഡ്രൈവര്‍മാര്‍ ഇതുപയോഗിച്ച് പരിസ്ഥിതി സൗഹൃദ കാര്‍ വാങ്ങുമെന്ന് ഉറപ്പ് നല്‍കേണ്ടതുണ്ട്. പത്തോളം നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾക്കായി ടോക്‌സിൻ ടാക്‌സ് ഏർപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. കൂടാതെ ഡീസൽ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി 25 കൗൺസിലുകളും വിവിധ തരത്തിലുള്ള നികുതികളും നിയമങ്ങളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

യുകെയിലുള്ള 11.2 മില്യൺ ഡീസൽ കാറുകളിൽ 1.9 മില്യൺ കാറുകളും 12 വർഷത്തിലധികം പഴക്കമുള്ളവയാണ്. ലണ്ടൻ, ലീഡ്‌സ്, സൗത്താംപ്ടൺ, ബെർമിംഹാം, നോട്ടിംഗ്ഹാം, എന്നീ നഗരങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ ആദ്യം നിലവിൽ വരുന്നത്. എന്നാൽ കടുത്ത രീതിയിൽ മാലിന്യം പുറന്തള്ളുന്ന കാറുകളെ ഇതിലൂടെ നിയന്ത്രിക്കാനാവില്ലെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി ആന്‍ഡ്രിയ ലീഡ്‌സമും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയ്‌ലിംഗും ചൂണ്ടിക്കാട്ടി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x