Currency

തെരെഞ്ഞടുപ്പ് പ്രഖ്യാപനം: പൗണ്ട് ശക്തമായ തിരിച്ചു വരവിൽ, രൂപക്കെതിരെ മികച്ച നിലയില്‍

സ്വന്തം ലേഖകൻThursday, April 20, 2017 3:09 pm

ലണ്ടൻ : ബ്രക്‌സിറ്റ് ബില്ലിന്റെ പാർലമെന്റ് അംഗീകാരത്തിനു ശേഷം മൂല്യമിടിഞ്ഞ പൗണ്ട് തെരേസ മേയുടെ ഇടക്കാല തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിനു പിറകെ ശക്തമായി തിരിച്ചു വരുന്നു. ബ്രക്‌സിറ്റ് അടക്കമുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കു തിരഞ്ഞെടുപ്പിലൂടെ തീരുമാനമാകുമെന്ന പ്രതീക്ഷയാണ് പൗണ്ടിനു ഗുണകരമായിരിക്കുന്നത്.

രൂപക്കെതിരെ 78 ആയി താഴ്ന്നിരുന്ന പൗണ്ടിന്റെ മൂല്യം ഇപ്പോൾ 82.80 എന്ന നിലയിലെത്തി. യൂറോക്കും ഡോളറിനുമെതിരെയും ശക്തമായ തിരിച്ചുവരവാണ് പൗണ്ടിനുണ്ടായിരിക്കുന്നത്. ഡോളറിനെതിരെ 1.21-ൽ നിന്നും 1.28-ലേയ്ക്കും, യൂറോക്കെതിരെ 1.14-ൽ നിന്നും 1.19- ലേയ്ക്കും ഉയർന്നിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ കറൻസികൾക്കെതിരെയും പൗണ്ടിന് മികച്ച മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

ബ്രക്‌സിറ്റ് ഹിതപരിശോധനയെ തുടർന്ന് ഒരു പൗണ്ടിന് 104 -105 രൂപ ലഭിച്ചിരുന്നത് 80 നു താഴെ വരെ എത്തിയിരുന്നു. ഇത് യു.കെ യിലെ ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള പണമയക്കലിനെയും പ്രവാസി നിക്ഷേപത്തെയും സാരമായി ബാധിക്കുകയും ചെയ്തു. അതേസമയം തെരെഞ്ഞടുപ്പ് കഴിയുംവരെ പൗണ്ടിന് നല്ല സമയം ആയിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x