Currency

ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ നൂതന മാര്‍ഗവുമായി യുഎഇ, (വീഡിയോ)

സ്വന്തം ലേഖകന്‍Sunday, May 7, 2017 1:29 pm
Play

അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല കപ്പലില്‍ കെട്ടിവലിച്ചുകൊണ്ടുവന്ന് ജലക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.നൂറ് കോടിയിലേറെ ഗ്യാലന്‍ ശുദ്ധജലം ഓരോ മഞ്ഞുമലയിലുമുണ്ടെന്നാണ് കരുതുന്നത്.

റിയാദ്: ശുദ്ധജലക്ഷാമം നൂതന മാര്‍ഗത്തിലൂടെ പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് യുഎഇ. വരുന്ന 25 വര്‍ഷത്തിനിടെ യുഎഇ കടുത്ത ജലക്ഷാമം അനുഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കുന്നതിനുള്ള പദ്ധതികളില്‍ ഒന്നായി അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല കപ്പലില്‍ കെട്ടിവലിച്ചുകൊണ്ടുവന്ന് ജലക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.

നൂറ് കോടിയിലേറെ ഗ്യാലന്‍ ശുദ്ധജലം ഓരോ മഞ്ഞുമലയിലുമുണ്ടെന്നാണ് കരുതുന്നത്. യുഎഇയിലെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ എന്ന സ്ഥാപനമാണ് വിചിത്രമായ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നത്. അന്റാര്‍ട്ടിക്കയോട് ചേര്‍ന്നുള്ള ഹേഡ് ദ്വീപുകളിലെ മഞ്ഞുമലകളാണ് ഇതിനായി ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 8800 കിലോമീറ്റര്‍ ദൂരം കപ്പലിന്റെ സഹായത്തില്‍ മഞ്ഞുമല കടലിലൂടെ കെട്ടിവലിച്ച് എത്തിക്കാനാണ് പദ്ധതി. പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ശുദ്ധജലം നല്‍കുന്നതിന് ഒരു മഞ്ഞുമല ധാരാളമാണെന്നാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ പറയുന്നത്. 2018ല്‍ തന്നെ പദ്ധതി ആരംഭിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്.

ഏകദേശം ഒരു വര്‍ഷത്തോളമെടുത്തായിരിക്കും മഞ്ഞുമല കടലിലൂടെ യുഎഇയിലെത്തിക്കുക. ലോകത്ത് ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് യുഎഇ. അതേസമയം ആഗോള ശരാശരിയുടെ ഇരട്ടിയാണ് യുഎഇയിലെ ജല ഉപയോഗം. ഇത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

മഞ്ഞുമലയുടെ വലിപ്പത്തിന്റെ 80ശതമാനവും സമുദ്രാന്തര്‍ഭാഗത്തായതിനാല്‍ എളുപ്പത്തില്‍ ഉരുകില്ല. യുഎഇയുടെ തീരത്തെത്തിച്ചതിന് ശേഷം മഞ്ഞുമലയുടെ ഭാഗങ്ങള്‍ കുടിവെള്ള പ്ലാന്റിലേക്ക് മാറ്റാനാണ് ലഷ്യമിടുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ മഞ്ഞുമല കാണുന്നതിന് പോലും ധാരാളം പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇത് മേഖലയിലെ വിനോദസഞ്ചാരമേഖലക്കും ഉണര്‍വ്വാകുമെന്ന പ്രതീക്ഷയുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x