Currency

സൗദി അറേബ്യന്‍ മിലിറ്ററി ഇന്‍ഡസ്ട്രീസ് കമ്പനിക്ക് രൂപം നല്‍കി

സ്വന്തം ലേഖകന്‍Friday, May 19, 2017 11:45 am

റിയാദ്: സൗദി അറേബ്യന്‍ മിലിറ്ററി ഇന്‍ഡസ്ട്രീസ് കമ്പനിക്ക് രൂപം നല്‍കി. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മുതല്‍ മുടക്കുന്ന കമ്പനിയുടെ പ്രഖ്യാപനം രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍വഹിച്ചു. സൈനിക, പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഖ്യ ചെലവഴിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി അറേബ്യ ഉള്‍പ്പെടുന്നത്. ഇതിന്റെ 98 ശതമാനവും വിദേശത്തു നിന്നുള്ള ഇറക്കുമതിയാണ്. രണ്ട് ശതമാനമാണ് ആഭ്യന്തരമായി ചെലവഴിക്കുന്നത്.

വിഷന്‍ 2030ന്റെ ഭാഗമായി ഇതിന് മാറ്റം വരുത്താനും സൈനിക, പ്രതിരോധ ചെലവിന്റെ 50 ശതമാനം ആഭ്യന്തരമായി ചെലവഴിക്കാനുമാണ് പുതിയ കമ്പനിയുടെ നിര്‍മാണണത്തിലൂടെ സൗദി ലക്ഷ്യമാക്കുന്നത്. സൈനിക രംഗത്തെ ഗവേഷണം, സാങ്കേതികവിദ്യ എന്നിവക്ക് ആറ് ബില്യന്‍ റിയാല്‍ നീക്കിവെക്കും. സൈനിക ഉല്‍പാദന മേഖലയിലെ പ്രമുഖ 25 രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തണമെന്നും ലോക രാഷ്ട്രങ്ങളുടെ ഏറ്റവും നല്ല പങ്കാളിയാവണമെന്നുമാണ് സൗദി ലക്ഷ്യമാക്കുന്നതെന്ന് അമീര്‍ മുഹമ്മദ് പറഞ്ഞു.

സൈനിക ഗവേഷണ, നിര്‍മാണ മേഖലയില്‍ പ്രത്യക്ഷമായി 40,000 പേര്‍ക്കും പരോക്ഷമായി 30,000 പേര്‍ക്കും തൊഴിലവസരങ്ങളും സൃഷ്ടിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x