Currency

സൗദിയില്‍ തീപിടിത്തം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ മരിച്ചു

സ്വന്തം ലേഖകന്‍Thursday, July 13, 2017 12:55 pm

നിര്‍മാണക്കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ച കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്ത് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മേഖല ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാന്‍ നഗരത്തില്‍ നിര്‍മാണക്കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ച കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്ത് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മേഖല ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.

മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട ക്ഷേത്രത്തിന് സമീപം കിഴക്കേമല കോട്ടാശ്ശേരി ശ്രീനിവാസന്റെയും പത്മിനി അമ്മയുടെയും മകന്‍ ശ്രീജിത്ത് (25), കടക്കാവൂര്‍ കമ്പാലന്‍ സത്യന്‍, വര്‍ക്കല സ്വദേശി ബിജു രാഘവന്‍ ശങ്കരന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട് ചിലപ്പകം മുരുകാനന്ദന്‍, മുഹമ്മദ് വസീം അസീസുറഹ്മാന്‍, ഗൗരി ശങ്കര്‍ ഗുപ്ത, വസീം അക്രം ഫായിസ് അഹമദ്, അതീഖ് അഹമദ് സമദ് അലി, തബ്രജ് ഖാന്‍ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. ഒരാളുടെ പേര് അറിവായിട്ടില്ല.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. തൊഴിലാളികള്‍ താമസിച്ചിരുന്ന മൂന്ന് മുറികളുള്ള പഴയ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. തീ പടര്‍ന്നുപിടിക്കുമ്പോള്‍ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവര്‍ കിംങ് ഖാലിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരയമായി തുടരുകയാണ്.

എയര്‍ കണ്ടീഷണറില്‍ നിന്നുണ്ടായ അഗ്നിബാധയാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട പട്രോള്‍ പൊലീസാണ് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചത്. അഗ്നിബാധയെക്കുറിച്ച് അന്വേഷിക്കാന്‍ മേഖല ഗവര്‍ണര്‍ അമീര്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഇദ് ഉത്തരവിട്ടു. അപകടം സംബന്ധിച്ച് മേഖല സിവില്‍ ഡിഫന്‍സ് മേധാവി ജനറല്‍ ഗാസി ബിന്‍ ഗറമുല്ലാഹ് അല്‍ഗാമിദി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സമിതി രൂപവത്കരിക്കാന്‍ ഗവര്‍ണ്ണര്‍ നിര്‍ദേശം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x