Currency

ഖത്തര്‍ പ്രതിസന്ധി: 13 ഉപാധികള്‍ ആറായി വെട്ടിച്ചുരുക്കി; നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് സൗദി

സ്വന്തം ലേഖകന്‍Friday, July 21, 2017 11:35 am

ജൂണ്‍ 22ന് 13 ഉപാധികളായിരുന്നു സൗദി സഖ്യം മുന്നോട്ടു വെച്ചത്. എന്നാല്‍ അവ പരിഷ്‌കരിച്ച് പുതിയ ആറ് തത്ത്വങ്ങളെന്ന പേരിലാണ് പുതിയവ. നേരത്തെ ഖത്തറിന് നല്‍കിയ പതിമൂന്ന് നിര്‍ദേങ്ങളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ് ഇവ. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം.

 

റിയാദ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് നേരത്തെയുള്ള 13 ഉപാധികള്‍ സൗദി സഖ്യം ആറായി വെട്ടിച്ചുരുക്കി. മുന്നോട്ട് വെച്ച ആറ് നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് യുഎന്നിലെ സൗദി അംബാസിഡര്‍ അബ്ദുള്ള അല്‍ മുഅല്ലമി ആവശ്യപ്പെട്ടു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ വിഷയം രക്ഷാ സമിതിയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 22ന് 13 ഉപാധികളായിരുന്നു സൗദി സഖ്യം മുന്നോട്ടു വെച്ചത്. എന്നാല്‍ അവ പരിഷ്‌കരിച്ച് പുതിയ ആറ് തത്ത്വങ്ങളെന്ന പേരിലാണ് പുതിയവ. ഒന്നര മാസത്തോളമായി തുടരുന്ന ഖത്തര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സാധ്യത തുറന്നിട്ടാണ് ഐക്യ രാഷ്ട്ര സഭയിലെ സൗദി അറേബ്യുടെ പ്രതിനിധി അബ്ദുള്ള അല്‍ മുഅല്ലമി നിലപാട് വ്യക്തമാക്കിയത്. ഈ മാസം ആദ്യം ഈജിപ്തിലെ കൈറോവില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വന്നതെന്നാണ് അറിയുന്നത്. നേരത്തെ ഖത്തറിന് നല്‍കിയ പതിമൂന്ന് നിര്‍ദേങ്ങളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ് ഇവ. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം.

പുതിയ ഉപാധികളില്‍ അനുരഞ്ജനമില്ല. അവ നടപ്പാക്കുകയും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും വേണം. പുതിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ അവ എങ്ങിനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സൗദി സഖ്യം ഖത്തറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേ സമയം ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷയം യുഎന്നില്‍ അവതരിപ്പിക്കുമേന്നും അബ്ദുള്ള അല്‍ മുഅല്ലമി പറഞ്ഞു. സൌദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രശ്‌നം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x