Currency

സൗദി വേതനസുരക്ഷ നിയമത്തിന്റെ പതിനൊന്നാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, August 2, 2017 11:18 am

ഈ ഘട്ടത്തില്‍ നിയമം ബാധകമാവുന്നത് അറുപത് മുതല്‍ എഴുപത്തി ഒന്‍പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ്. പുതുതായി അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിലൂടെ നിയമപരിരക്ഷ ലഭിക്കും.

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന വേതനസുരക്ഷ നിയമത്തിന്റെ പതിനൊന്നാം ഘട്ടം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ഘട്ടത്തില്‍ നിയമം ബാധകമാവുന്നത് അറുപത് മുതല്‍ എഴുപത്തി ഒന്‍പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ്. പുതുതായി അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിലൂടെ നിയമപരിരക്ഷ ലഭിക്കും.

7,021 സ്ഥാപനങ്ങളിലുള്ള 4,81,097 തൊഴിലികള്‍ക്കാണ് പുതിയ ഘട്ടത്തില്‍ വേതന സുരക്ഷാ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, വേതനുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒപ്പം തൊഴിലാളികളും വേതനം കൃത്യസമയത്ത് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

നിശ്ചിത സമയത്ത് വേതനം നല്‍കിയില്ലെങ്കില്‍ തൊഴിലുടമയ്ക്ക് മൂവായിരം റിയാല്‍ വരെ പിഴ നല്‍കുകയും മൂന്ന് മാസത്തിലേറെ വൈകിപ്പിച്ചാല്‍ സ്ഥാപനത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം നിര്‍ത്തലാക്കുന്നതുമാണ്. അതേസമയം തൊഴിലാളിക്ക് നിലവിലെ കമ്പനിയുടെ അനുമതി ഇല്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറാനും അവസരം ലഭിക്കും.

ആകെ പതിനാറ് ഘട്ടങ്ങളിലായി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന വേതന സുരക്ഷ നിയമത്തിന്റെ നേരത്തെ നടപ്പാക്കിയ പത്ത് ഘട്ടങ്ങളിലായി 80ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ നിയമപരിധിയില്‍ വന്നിരുന്നു. പന്ത്രണ്ടാം ഘട്ടം നവംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x