പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടിയെയും വ്യവസായ അനുകൂല പാര്‍ട്ടിയായ എഫ്ഡിപിയെയും കൂടെ കൂട്ടാനാണ് മെർക്കലിന്റെ ശ്രമം.
ബര്‍ലിന്‍: നാലാം വട്ടവും ജര്‍മനിയുടെ ചാന്‍സലറാകുന്നതോടെ അംഗല മെര്‍ക്കലിനു സര്‍ക്കാര്‍ രൂപീകരണം എന്നത് പ്രയാസമാകുമെന്നുറപ്പ്. ഒരു പാര്‍ട്ടിക്കും മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് ജര്‍മന്‍ പാര്‍ലമെന്ററി സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചത്ര വോട്ട് മെര്‍ക്കലിന്റെ സിഡിയുവിനു കിട്ടിയതുമില്ല.
മുൻ സര്‍ക്കാരില്‍ കൂടെ കൂട്ടിയത് പ്രധാന പ്രതിപക്ഷമായിരുന്ന എസ്പിഡിയെയായിരുന്നു. എന്നാല്‍, ഇക്കുറി പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്നാണ് എസ്പിഡിയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള കിണഞ്ഞു ശ്രമത്തിലാണ് സി ഡി യുവിന്റെയും സി എസ് യുവിന്റെയും നേതാക്കള്‍.
പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടിയെയും വ്യവസായ അനുകൂല പാര്‍ട്ടിയായ എഫ്ഡിപിയെയും കൂടെ കൂട്ടാനാണ് ശ്രമം. സിഡിയു സഖ്യത്തിന് നിലവില്‍ 33 ശതമാനം വോട്ടാണുള്ളത്. 1998 മുതല്‍ 2005 വരെ എസ്പിഡിക്കൊപ്പമാണ് ഗ്രീന്‍ പാര്‍ട്ടി ഇതിനു മുന്‍പ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നത്. ഇക്കുറി സിഡിയുവിനൊപ്പം ചേരാനുള്ള സന്നദ്ധത പരോക്ഷമായി അവര്‍ അറിയിച്ചു കഴിഞ്ഞു.
എന്നാല്‍, ഗ്രീന്‍ പാര്‍ട്ടി മാത്രം വന്നാലും പാര്‍ലമെന്റില്‍ ഭൂരിപക്ഷമാകണമെങ്കിൽ എഫ്ഡിപിയുടെ കൂടി പിന്തുണ ആവശ്യമാണ്. ആശയപരമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഗ്രീന്‍ പാര്‍ട്ടിയെയും എഫ്ഡിപിയെയും ഒരേ മന്ത്രിസഭയില്‍ ഒരുമിച്ചു മേയ്ക്കുക തീര്‍ത്തും എളുപ്പമായിരിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.