
റിയാദ്: സൗദിയില്‍ എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ നിയമം 2018 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നതാണ് പുതിയ നിയമം. നേരത്തെ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് നിര്‍ബന്ധമായിരുന്നത്.
തൊഴില്‍ മന്ത്രാലയവും എഞ്ചിനിയേഴ്‌സ് കൗണ്‍സിലും ചേര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ പ്രഖ്യാപിച്ച പുതിയ തീരുമാനം തൊഴില്‍ രംഗത്തെ നൈപുണ്യം ഉറപ്പുവരുത്തുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും വേണ്ടിയാണ്. നിയമത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന എഞ്ചിനീയര്‍മാര്‍ സൗദിയിലത്തെിയ ശേഷം എഴുത്തുപരീക്ഷയും അഭിമുഖവും പാസാവണം.
തൊഴില്‍ രംഗത്തെ പരിചയം ഉറപ്പുവരുത്തുന്നതിനുള്ള അഭിമുഖവും പരീക്ഷയും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സാണ് നടത്തുക. കൂടാതെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ രേഖകളും അതത് രാജ്യത്തെ സ്ഥാപനവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഏതെങ്കിലും രേഖ വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.